തിരുവനന്തപുരം:സംസ്ഥാനത്ത് ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം.റാന്നിയിലെ ഡിഎഫ്ആര്‍ഡിയില്‍ നടത്തിയ പരിശോധനയില്‍ സാംപിളുകകളില്‍ ഈര്‍പ്പത്തിന്റെയും സോഡിയം കാര്‍ബണേറ്റിന്റെ അളവും പിഎച്ച് മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തി. ഇതോടെ പപ്പടം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ്. എന്നാല്‍ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്. 2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാര്‍ബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പി.എച്ച് മൂല്യം 8.5 ല്‍ കൂടരുതെന്നാണ്. എന്നാല്‍ സാംപിളുകളില്‍ ഇത് 9.20 ആണ്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടര്‍ന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.ഫഫ്സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നല്‍കിയത്. കേരള പപ്പടത്തിനായാണ് ടെണ്ടര്‍ നല്‍കിയതെങ്കിലും ആ പേരില്‍ വാങ്ങിയത് തമിഴ്നാട്ടില്‍ നിന്നുള്ള അപ്പളമാണെന്ന ആരോപണം ആദ്യമേ ഉയര്‍ന്നിരുന്നു. ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍, ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്കി. വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റി നല്കിയതിന്റെയും റിപ്പോര്‍ട്ട് പര്‍ച്ചേസ് ഹെഡ് ഓഫീസില്‍ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.81 ലക്ഷം പാക്കറ്റ് പപ്പടമാണ് തിരിച്ചെടുക്കേണ്ടതെങ്കിലും കിറ്റ് കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത് ഉപയോഗിച്ചുകഴിഞ്ഞു. സോണിയം കാര്‍ബണേറ്റിന്റെ അമിതോപയോഗം കാഴ്ചശക്തിയെത്തന്നെ ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.