ന്യൂഡൽഹി:ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 90,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് 41.37 ലക്ഷം രോഗബാധിതരുളള ബ്രസീലിനെ ഇന്ത്യ മറികടന്നത്. ഇന്ത്യയില്‍ നിലവില്‍ 42.04 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,016 പേര്‍ മരിച്ചു. ഇതുവരെ 32.50 ലക്ഷം പേര്‍ രോഗമുക്തി നേടി.നിലവില്‍ 7.16 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. പ്രതിദിന രോഗബാധയില്‍ ആഴ്ചയിലെ കൂടുതല്‍ ദിവസങ്ങളിലും ലോകത്ത് ഇന്ത്യ തന്നെയാണ് മുന്നില്‍. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്.മഹാരാഷ്ട്രയില്‍ ഇന്നലെ 23,350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒൻപത് ലക്ഷം കടന്നു. ഇന്നലെ 328 പേര്‍ മരിച്ചതോടെ ആകെ മരണം 26,604 ആയി ഉയര്‍ന്നു.ആന്ധ്രയില്‍ ഇന്നലെ 10,794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 4.98 ലക്ഷമായി. ഇതുവരെ 4,417 പേര്‍ മരിച്ചു. 3.94 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 99,689 പേര്‍ മാത്രമാണ് ചികിത്സയിലുളളത്.നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 62.75 ലക്ഷം കേസുകളാണ് അമേരിക്കയില്‍. അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലാണ് കഴിഞ്ഞ ഒരു മാസമായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.