കാസര്‍കോട്: കാസര്‍കോട് നഗരസഭാ കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ക്ലീനിംഗ് ജീവനക്കാര്‍ക്കുമായി നടത്തിയ കൊവിഡ് പരിശോധനയില്‍ 32 പേര്‍ക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് നഗരസഭാ കാര്യാലയം പത്ത് ദിവസത്തേക്ക് അടച്ചിട്ടു. ഒന്നാം തീയതി നടത്തിയ പരിശോധനയില്‍ മാത്രം 15 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതില്‍ 8 പേര്‍ നഗരസഭാ ജീവനക്കാരും ഏഴ് പേര്‍ ക്ലീനിംഗ് സ്റ്റാഫുമാണ്. ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ കണ്ടെത്തിയതോടെയാണ് നഗരസഭാ കാര്യലയം അടച്ചിടാന്‍ തീരുമാനിച്ചത്. ഓണാവധി കഴിഞ്ഞ് നഗരസഭാ കാര്യാലയം ഇന്നലെ തുറക്കേണ്ടതായിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥര്‍ക്കും ശുചീകരണം ജീവനക്കാര്‍ക്കും അടക്കം കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടന്ന പരിശോധനയിലും പലര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതിനാല്‍ സെപ്തംബര്‍ 14 വരെ കാര്യാലയം അടച്ചിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും വിശദമായ വിവരം പൊതുജനങ്ങളെ പിന്നീട് അറിയിക്കുമെന്നും നഗരസഭയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.