ബംഗളുരു: മയക്കുമരുന്ന് കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ( എന്‍സിബി). നിലവില്‍ മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി റിജീഷ് രവീന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിലേക്കും എത്തുന്നത്. മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നത് ബിനീഷ് കൊടിയേരിക്ക് പങ്കാളിത്തമുള്ള ഹയാത്ത് ഹോട്ടലില്‍ വച്ചാണെന്നാണ് റിജീഷ് മൊഴി നല്‍കിയിട്ടുള്ളത്.റിജീഷിന്റെ മൊഴിയിലുള്ള വിവരങ്ങള്‍ ബിനീഷിനുമേല്‍ വലിയ കുരുക്കുണ്ടാക്കുന്നതാണ്. ബിനീഷും ധര്‍മ്മടം സ്വദേശിയായ അനസും ചേര്‍ന്ന് ബംഗളുരുവില്‍ നടത്തിയിരുന്ന പണമിടപാട് സ്ഥാപനവും മയക്കുമരുന്നു കച്ചവടത്തിന് പണം മുടക്കിയതായും എന്‍സിബി സംശയിക്കുന്നുണ്ട്. 2015ല്‍ തുടങ്ങിയ ബി ക്യാപ്പിറ്റല്‍ ഫിനാന്‍സ് കമ്പനിയാണ് ഇപ്പോള്‍ സംശയ നിഴലിലുള്ളത്.ഈ സാഹചര്യത്തിലാണ് അന്വേഷണം കേരളത്തിലേക്ക് എത്തുന്നത്. കേസിലെ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദിന് ഒന്നാം പ്രതിയായ കന്നട സീരിയല്‍ നടി ഡി അനിഖയെ പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശിയായ ജിംറിന്‍ ആഷിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജിംറിന്‍ ആഷിയുടെ ഫോട്ടോ എന്‍സിബിക്ക് ലഭിച്ചെങ്കിലും കൃത്യമായ വിലാസം ലഭ്യമായിട്ടില്ല.
അതേസമയം പ്രതി അനൂപ് മുഹമ്മദിന് കൊച്ചി കേന്ദ്രീകരിച്ച് വന്‍ ലഹരി മരുന്ന് ശൃംഖല ഉള്ളതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മലയാള സിനിമാ രംഗത്തെ യുവാക്കളും ലഹരി മരുന്നിന്റെ വിതരണക്കാരെന്ന് വിവരം. അനൂപ് മുഹമ്മദിന്റെ മൊഴിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.പ്രതികളുടെ മൊബൈല്‍ ഫോണുകളും ടെലഗ്രാം മെസേജുകളും അന്വേഷണ സംഘം പരിശോധിച്ചു. മലയാള സിനിമാ രംഗത്തെ എട്ട് യുവാക്കള്‍ക്ക് പ്രതികള്‍ മൂന്ന് വര്‍ഷമായി ലഹരി എത്തിച്ചു നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചു. അനൂപ് മുഹമ്മദാണ് ലഹരി മരുന്ന് എത്തിച്ചു നല്‍കിയത്. ഈ എട്ട് യുവാക്കളെ ഉപയോഗിച്ച് ലഹരിക്കടത്തിന് കൂടുതല്‍ കണ്ണികളെ സംഘടിപ്പിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തി.ലഹരി കടത്തില്‍ കൊച്ചിയിലെ മൂന്ന് യുവതികളുടെ വിവരങ്ങള്‍ അറസ്റ്റിലായ അനിഘയുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അനിഘയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അനിഘയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അനൂപ് മുഹമ്മദിനുള്ള ബന്ധം എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുകയാണ്.