ന്യൂഡല്‍ഹി:തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കിയേക്കും.ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടും. തദ്ദേശ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തു. എന്നാല്‍ ഒറ്റ വോട്ടര്‍ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിലവില്‍ കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക ആക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നതാണ് ഒരു നിര്‍ദ്ദേശം. മാത്രമല്ല തദ്ദേശഭരണ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാക്കുന്നതിന് നിയമ ഭേദഗതിയും ആവശ്യമാണെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു.ഒരു രാജ്യം ഒറ്റ വോട്ടര്‍ പട്ടിക എന്നത് നടപ്പിലാവുകയാണെങ്കില്‍ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് കേന്ദ്രം പറയുന്നു. ഇതിലൂടെ തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിവരുന്ന വലിയ ചെലവുകള്‍ കുറയ്ക്കാനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തില്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരച്ചറിയല്‍ കാര്‍ഡുള്ളവര്‍ പോലും ഇത്തരം സംസ്ഥാനങ്ങളിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം പറയുന്നത്.
Kerala
ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങളുടെ നിലപാട് തേടും
Previous Articleസംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി