ന്യൂഡൽഹി:നീറ്റ്, ജെഇഇ പരീക്ഷ മാറ്റിവെയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്തംബറിൽ പരീക്ഷ നടന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. തുടർന്നുള്ള ബാച്ചുകളെയും പരീക്ഷ മാറ്റിവെയ്ക്കൽ ബാധിക്കും.കണ്ടെയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് യാത്രാ പാസായി ഉപയോഗിക്കാമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് നാളെ 11 മണിക്ക് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിക്കും. കോവിഡ് നിർദേശങ്ങൾ പാലിച്ചാകും പ്രതിഷേധം. ഓൺലൈൻ ക്യാമ്പെയിനും സംഘടിപ്പിക്കും. സ്പീക്ക് അപ്പ് ഫോർ സ്റ്റുഡന്റ് സേഫ്റ്റി എന്ന പേരിലാണ് ക്യാമ്പെയിൻ സംഘടിപ്പിക്കുക. കോവിഡ് വ്യാപനം, ഗതാഗത പ്രശ്നങ്ങൾ, പല സംസ്ഥാനങ്ങളിലും തുടരുന്ന വെള്ളപ്പൊക്കം എന്നിവ വിദ്യാർഥികൾക്ക് പരീക്ഷക്ക് എത്താൻ തടസ്സമാണെന്നും സർക്കാർ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം എന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.