തിരുവനന്തപുരം:സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട ചാര്‍ജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജന്‍സിയായി കേരള സർക്കാർ, കെ.എസ്.ഇ.ബി.എൽ – നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുപ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകൾ ഉള്‍പ്പെടുന്ന ഒരു ചാര്‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.എൽ ലക്ഷ്യമിടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗ രേഖകള്‍ക്കനുസൃതമായി സർക്കാർ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കെ.എസ്.ഇ.ബി.എൽ ന്റെ സ്വന്തം സ്ഥലത്തും, സര്‍ക്കാരിന്റേയോ, അര്‍ദ്ധസർക്കാർ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജന്‍സികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഇത്തരം ചാര്‍ജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതാണ്.ഇതിന്റെ ആദ്യഘട്ടമായി 6 ജില്ലകളിൽ കെ.എസ്.ഇ.ബി.എൽ ന്റെ സ്വന്തം സ്ഥലത്ത് ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കുന്ന ജോലി നടന്നു വരുന്നു.ഇതിൽ ആദ്യത്തേത് തിരുവനന്തപുരം-നേമം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിസരത്ത് പൂര്‍ത്തിയായി. 80 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഈ സ്റ്റേഷനിൽ ഒരേ സമയം 3 കാറുകൾ ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനമുണ്ട്. കൊല്ലം, എറണാകുളം,തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ഇത്തരം സ്റ്റേഷനുകൾ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികൾ പൂരോഗമിക്കുന്നത്. തുടര്‍ന്ന് 56 സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ദര്‍ഘാസുകളും ക്ഷണിച്ചിട്ടുണ്ട്.