Kerala, News

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത് 100 ലേറെ കോവിഡ് പോസിറ്റീവ് ഗർഭിണികൾ

keralanews more than 100 kovid positive pregnant women sought treatment at kannur govt medical college hospital

കണ്ണൂർ(പരിയാരം):കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഗർഭിണികളായ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം 100 കടന്നു.107 പേരാണ് ഇതുവരെ ചികിത്സ തേടിയത്.39 പേർ  ഇതിനോടകം പ്രസവിച്ചു.ഇതിൽ 9 പേരുടെത് സങ്കീർണ്ണ ശസ്ത്രക്രിയ വഴിയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.68 പേർ നിലവിൽ പ്രസവസംബന്ധമായ ചികിത്സ തുടരുകയാണ്.ഇതിൽത്തന്നെ ഇപ്പോൾ ആശുപത്രിയിലുള്ള 21 പേർ കോവിഡ്  രോഗമുക്തിക്കായുള്ള ചികിത്സയിൽക്കൂടിയാണുള്ളത്.നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് പോസിറ്റീവായ ഗർഭിണികൾ ഒഴികെ എല്ലാവരും കോവിഡ് രോഗമുക്തി നേടിയവരാണ്.ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.എസ് അജിത്തിന്റെയും പീഡിയാട്രിക് വിഭാഗം മേധാവി ഡോ.എം.ടി.പി മുഹമ്മദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തുന്നത്.

കേരളത്തിലാദ്യമായി കോവിഡ് പോസിറ്റീവായ യുവതി പ്രസവിച്ചത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലായിരുന്നു.ഇക്കാര്യം മുഖ്യമന്ത്രി തന്നെ അന്ന് മലയാളികളെ അറിയിച്ചതുമാണ്. ഗർഭിണി ഉൾപ്പെടെ കുടുംബത്തോടെ കോവിഡ് ചികിത്സയ്ക്ക് ആശുപത്രിയിൽ  പ്രവേശിക്കപ്പെടുകയും യുവതിയുടെ പ്രസവം കഴിഞ്ഞ് യുവതിക്കും നവജാത ശിശുവിനുമൊപ്പം കുടുംബാംഗങ്ങളെല്ലാം കോവിഡ് രോഗമുക്തിയും നേടി ഒരുമിച്ച് ഇരട്ടി സന്തോഷത്തോടെ ആശുപത്രിവിട്ട് അവരവരുടെ വീടുകളിലേക്ക് പോയ നാല് പ്രത്യേക സന്ദർഭങ്ങളും പരിയാരത്ത് കോവിഡ് ചികിത്സയിലുണ്ടായി.സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് ഗർഭിണികൾ ചികിത്സ തേടിയത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലാണെന്നാണ് ലഭിക്കുന്ന വിവരം.

കോവിഡ് അതിവ്യാപന ഘട്ടമായതിനാൽ മുഴുവനാളുകളും കടുത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. പരിയാരത്ത് കോവിഡ് രോഗികൾ കുറഞ്ഞുവരികയാണെങ്കിലും പൊതുവിൽ ഓരോ ദിവസവും രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ഉണ്ടാകുന്നത്.രോഗമുക്തി നേടുന്നവരുടെ എണ്ണം  വർദ്ധിക്കുന്നുണ്ടെങ്കിലും സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം കൂടുന്നത് ജീവന്റെ വിലയുള്ള ജാഗ്രത അനിവാര്യമാക്കുന്നുണ്ട് എന്നത്  ഓരോരുത്തരെയും ഓർമ്മപ്പെടുത്തുന്നു.സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും  സന്നദ്ധപ്രവർത്തകരും മാത്രം വിചാരിച്ചാൽ കോവിഡ് വ്യാപനം പൂർണ്ണമായും തടയാൻ കഴിയില്ല.കോവിഡ് 19 അതിവ്യാപന ഘട്ടമായതിനാൽ അസുഖം  വരാതിരിക്കാനും വ്യാപനം ഓരോരുത്തരും പൂർണതോതിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.മാസ്ക് ഉൾപ്പെടെ പൂർണ്ണമായും ധരിക്കുകയും സാമൂഹിക അകലം പാലിച്ചും ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അസുഖവ്യാപനം തടയണമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും മെഡിക്കൽ സൂപ്രണ്ടും അറിയിച്ചു.

Previous ArticleNext Article