തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍കോടേക്ക് തിരിച്ചു.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംഘത്തെ യാത്രയാക്കി. ആരോഗ്യ മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ നടന്ന 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സിഎഫ്‌എല്‍ടിസി കൊവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്. ഇവര്‍ കാസര്‍ഗോഡുള്ള വിവിധ കോവിഡ് ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലും സേവനമനുഷ്ഠിക്കും.സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കൊവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണ് കൊവിഡ് ബ്രിഗേഡിന് രൂപം നല്‍കിയതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വൈറസ് വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും ആരോഗ്യ പ്രവര്‍ത്തകരേയും വലിയ തോതില്‍ സജ്ജമാക്കേണ്ടതുണ്ട്. ഇത് മുന്നില്‍ കണ്ടാണ് കൊവിഡ് ബ്രിഗേഡ് എന്ന ആശയത്തിന് രൂപം നല്‍കിയത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യന്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് കൊവിഡ് ബ്രിഗേഡിലെ അംഗങ്ങള്‍. കൊവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആയിരക്കണക്കിന് പേരാണ് സ്വയം സന്നദ്ധരായി മുന്നോട്ട് വന്നിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതയുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ വഴി ഐസിയു പരിശീലനവും ക്രിട്ടിക്കല്‍ കെയര്‍ പരിശീലനവും നല്‍കും.മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളില്‍ കോവിഡ് ബ്രിഗേഡിന്റെ സ്‌റ്റേറ്റ് കോര്‍ ടീമുമായി കൂടിയാലോചിച്ച ശേഷം അടുത്തുള്ള ജില്ലകളില്‍ ഐസിയു പരിശീലനം ആസൂത്രണം ചെയ്യും.ഐസിയു പരിശീലനത്തിന് അനുയോജ്യമായ ഡോക്ടര്‍മാരെ അതാത് ജില്ലകളിലെ എന്‍എച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജര്‍മാരാണ് കണ്ടെത്തി പരിശീലനം നല്‍കുന്നത്.സിഎഫ്‌എല്‍ടിസികളില്‍ 4 ദിവസത്തെ നേരിട്ടുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയത്.ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട്, എയര്‍വേ മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് എയര്‍വേ മാനേജ്‌മെന്റ്, മെഡിക്കല്‍ പ്രോട്ടോകോള്‍, കോവിഡ് പ്രോട്ടോകോള്‍, സാമ്ബിള്‍ ടെസ്റ്റിംഗ്, സുരക്ഷാ മാനദണ്ഡങ്ങള്‍, പിപിഇ കിറ്റിന്റെ ഫലപ്രദമായ ഉപയോഗം തുടങ്ങിവയിലാണ് പരിശീലനം നല്‍കിയത്.