ഡല്‍ഹി: രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമനം.മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്ട്രേഷന് എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടാന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു.മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ്, 1988, സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ്, 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്നസ്, പെര്‍മിറ്റുകള്‍, ലൈസന്‍സുകള്‍, രജിസ്ട്രേഷന് അല്ലെങ്കില്‍ മറ്റ് രേഖകളുടെ കാലാവധി ഇതോടെ ഡിസംബര്‍ 31 വരെ നീളും. ഇതു സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9 തീയതികളില്‍ മന്ത്രാലയം പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. 2020 ഫെബ്രുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കാലഹരണപ്പെടുകയും ലോക്ക്ഡൗണ്‍ കാരണം പുതുക്കാനാകാത്തതുമായ എല്ലാ രേഖകളും 2020 ഡിസംബര്‍ 31 വരെ സാധുവായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.