ന്യൂഡല്‍ഹി: സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം ഉന്നതാധികാര സമിതി കേന്ദ്രസര്‍ക്കാരിന് നല്‍കിയെന്നാണ് അറിവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം അവസാനത്തോടെ പുറപ്പെടുവിക്കുന്ന ഉത്തരവില്‍ മെട്രോ റെയിലിനെയും ഉള്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ ട്രെയിന്‍ ആരംഭിക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്.മെട്രോ ട്രെയിനുകളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ആളുകള്‍ ചെലവഴിക്കുന്നില്ല. അതിനാല്‍ കര്‍ശനമായ മുന്‍കരുതലുകളോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ഡല്‍ഹി ഉള്‍പ്പടെ സംസ്ഥാനങ്ങളിലെ ജനജീവിതം പ്രധാനമായും മെട്രോ ട്രെയിനിനെ ആശ്രയിച്ചാണ്. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനാല്‍ തന്നെ മെട്രോ തുടങ്ങാമെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ഉള്‍പ്പടെ നിലപാട്. കേരളത്തില്‍ കൊച്ചിയിലും മെട്രോ സര്‍വീസ് തുടങ്ങുന്നത് നഗരവാസികള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാകും.അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് എഴുതിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എയര്‍കണ്ടിഷന്‍ ചെയ്ത ബസുകളുള്‍പ്പെടെ ഒന്നാം തീയതി മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ആയിട്ടില്ലെന്നാണ് വിവരം.സ്കൂളുകളും കോളജുകളും തുറക്കില്ല. ബാറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല, എന്നാല്‍ കൗണ്ടറിലൂടെയുള്ള മദ്യവില്‍പ്പന തുടരാമെന്ന് അറിയിക്കുന്നു. മാര്‍ച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായാണ് ലോക്ഡൗണില്‍ ഇളവുകള്‍ നല്കി വരുന്നത്.