തിരുവനന്തപുരം:സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു.സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ കലുഷിതമായ രംഗങ്ങള്‍ അരങ്ങേറി.സ്പീക്കര്‍ അനുമതി നല്കിയ ശേഷം അവിശ്വാസ പ്രമേയം വി ഡി സതീശന് അവതരിപ്പിച്ചു. പ്രമേയത്തില്‍ രാവിലെ 10ന് ചര്‍ച്ച നടക്കും. അഞ്ചു മണിക്കൂറാണ് ചര്‍ച്ചക്ക് അനുവദിച്ചിട്ടുള്ളത്. ബിജെപി അംഗം ഒ രാജഗോപാല്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് വിവരം. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം.ധനകാര്യബില്‍ പാസ്സാക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രം ചേരുന്ന സഭ സമ്മേളനം സർക്കാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കലുഷിതമാകാനാണ് സാധ്യത. പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയവും സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി വിവാദങ്ങളും ചര്‍ച്ചക്ക് വരും.സര്‍ക്കാറിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസം പാസാകില്ല. എന്നാല്‍, ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയുമാണ് പ്രതിപക്ഷത്തിന്റെ പദ്ധതി. വൈകിട്ട് മൂന്നുവരെയാണ് സഭാ സമ്മേളനം. ആന്റിജന്‍ പരിശോധനക്ക് വിധേയരായ ശേഷമാണ് സഭാംഗങ്ങള്‍ സഭയില്‍ പ്രവേശിച്ചത്. എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. സാമൂഹിക അകലം പാലിച്ചാണ് അംഗങ്ങള്‍ സഭയില്‍ ഇരിക്കുന്നത്. ആദ്യം ധനകാര്യ ബില്ലായിരിക്കും സഭയില്‍ പാസാക്കുക.ധനകാര്യബില്‍ പാസ്സാക്കിയതിന് ശേഷം 10 മണിയോടെ സഭ അവിശ്വാസ പ്രമേയത്തിലേക്ക് കടക്കും. വി ഡി സതീശനാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. മുഖ്യമന്ത്രിയുടെ രാജി ആവശ്യവും ചർച്ചയിൽ പ്രതിപക്ഷം ഉന്നയിക്കും. സോളാര്‍ മുതല്‍ സ്വര്‍ണ്ണക്കടത്തിലെ പ്രതിപക്ഷ ബന്ധം വരെ ആരോപിച്ച് തിരിച്ചടിക്കാനാണ് സര്‍ക്കാര്‍ നീക്കം.