International, News

കോവിഡ് രോഗ വ്യാപനം രണ്ട് വര്‍ഷത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന

keralanews world health organization says spread of covid disease under control within two years

ജനീവ:കോവിഡ് രോഗ വ്യാപനം രണ്ട് വര്‍ഷത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന്  പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തമാക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടുണ്ട്.മാസ്ക് ധരിക്കുന്നത് മുതല്‍ ജനക്കൂട്ടത്തെ ഒഴിവാക്കുന്നത് വരെ, ആരോഗ്യ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ മറികടക്കാന്‍ ലോകത്തിന് കഴിയുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറയുന്നു.1918-ല്‍ റിപ്പോര്‍ട്ട് ചെയ്ത സ്പാനിഷ് ഫ്‌ളൂ മറികടക്കാന്‍ രണ്ടുവര്‍ഷമെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാല്‍ അന്നത്തേതില്‍ നിന്ന് വിഭിന്നമായി സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുളളില്‍ വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്നും ടെഡ്രോസ് പറഞ്ഞു.’ഇക്കാലത്ത് ആളുകള്‍ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങള്‍ കൂടുതലായതിനാല്‍ വൈറസ് വ്യാപനത്തിനുളള സാധ്യതയും കൂടുതലാണ്. അതേസമയം, നമുക്കത് തടയാനുളള സാങ്കേതികതകളുണ്ട്, തടയാനുളള അറിവുണ്ട്’, ടെഡ്രോസ് പറഞ്ഞു.സ്പാനിഷ് ഫ്‌ളൂ ബാധിച്ച്‌ 50 ദശലക്ഷം ആളുകളാണ് മരിച്ചത്. 22.7 ദശലക്ഷം ആളുകളെ കൊറോണ വൈറസ് ബാധിച്ചപ്പോള്‍ ഏകദേശം എട്ടുലക്ഷത്തോളം പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘പിപിഇയുമായി ബന്ധപ്പെട്ട അഴിമതി, എന്നെ സംബന്ധിച്ചിടത്തോളം അത് കൊലപാതകത്തിന് തുല്യമാണ്. കാരണം പിപിഇ കിറ്റ് ധരിക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിചെയ്യുന്നത് അവരുടെ ജീവനുതന്നെ വെല്ലുവിളിയുയര്‍ത്തിയേക്കാം. അത് അവര്‍ പരിപാലിക്കുന്ന ആളുകളുടെ ജീവനും ഭീഷണി ഉയര്‍ത്തും, അദ്ദേഹം പറഞ്ഞു.

Previous ArticleNext Article