ന്യൂഡൽഹി:കോവിഡിനെതിരായ ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യയില്‍ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചതായി സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ സി നമ്പ്യാർ.രണ്ടും മൂന്നും ഘട്ടം പരീക്ഷണങ്ങളാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിച്ചിരിക്കുന്നത്. 1500 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുക.മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വില്‍ക്കാനുള്ള അനുമതി തേടും.പരീക്ഷണം വിജയിക്കാനായാല്‍ ഡിസംബറില്‍ തന്നെ വാക്‌സിന്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വില്‍ക്കാന്‍ ഇപ്പോള്‍ കഴിയില്ല. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കി അനുമതി കിട്ടിയ ശേഷമേ വില്‍പന തുടങ്ങാനാകൂ എന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പറഞ്ഞു.അടുത്ത ജൂണോടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനെയിലാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.പുനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പ്രധാനപരീക്ഷണകേന്ദ്രങ്ങള്‍. ദില്ലി എയിംസ്, സേഥ് ജിഎസ് മെഡിക്കല്‍ കോളേ, മുംബൈ, കെഇഎം ആശുപത്രി, മുംബൈ, ജിപ്‍മെര്‍ ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരാവുക. സമ്മതപത്രം എഴുതി വാങ്ങിയാകും പരീക്ഷണത്തിന് വിധേയരാക്കുക. നേരത്തെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരുന്നു. വാക്‌സിന്‍ വേഗത്തില്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ പുതിയ കരാറിന്റെ ഭാഗമായി, ഇന്ത്യക്കും താഴ്ന്നഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും 10 കോടി വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സിറം ഇൻസ്റിറ്റ്യൂട്ടിനുണ്ടായിരിക്കും.