തിരുവനന്തപുരം:തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍.കേന്ദ്രത്തിന്റെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കെ.എസ്.ഐ.ഡി.സിയും സ്വകാര്യവ്യക്തികളും നേരത്തെ ഹരജി നല്കിയിരുന്നു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. അഡ്വ ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എയര്‍പോര്‍ട്ട് സ്വകാര്യവത്കരണത്തിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്.അതിനിടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ പൊതു അഭിപ്രായമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.എയര്‍പോര്‍ട്ടിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.