വയനാട്:മാനന്തവാടിയിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നല്‍കിയ അരി സൂപ്പര്‍മാര്‍ക്കറ്റില്‍ മറിച്ചുവിറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.വയനാട് മാനന്തവാടി കല്ലോടി സെന്റ് ജോസഫ് യു.പി. സ്‌കൂളിന് നല്‍കിയ 386 കിലോഗ്രാം അരിയാണ് നാലാം മൈലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വിറ്റത്.സിവില്‍ സപ്ലൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് അരി കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ഭക്ഷ്യ കമ്മിഷന്‍ അംഗം വിജയലക്ഷ്മി നിര്‍ദ്ദേശം നല്‍കി. ഉച്ചഭക്ഷണത്തിനു നല്‍കിയ അരി കാണാതായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രധാന അധ്യാപകനെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെയും സസ്പെന്‍ഡ് ചെയ്യാന്‍ വയനാട് ഡി.ഡി.ഇ ആവശ്യപ്പെട്ടു.എ . ഇ. ഒ. യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാന അധ്യാപകന്‍ സാബു പി. ജോണ്‍, അധ്യാപകനായ അനീഷ് ജേക്കബ് എന്നിവര്‍ക്കെതിരെ നടപടി എടുക്കാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.മിച്ചം വരുന്ന അരി സമൂഹ അടുക്കളക്ക് നല്‍കാവുന്നതാണെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും നടപടി എടുക്കണമെന്നും കാണിച്ച് എ.ഇ.ഒ , ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും മൊബൈല്‍ ഫോണുകളും വാങ്ങിയ ഇനത്തില്‍ കൊടുക്കാനുണ്ടായിരുന്ന പണത്തിന് വേണ്ടി വിദ്യാത്ഥികളില്‍ നിന്ന് സമാഹരിച്ച അരിയാണ് വില്‍പ്പന നടത്തിയതെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം.