Kerala, News

സംസ്ഥാനത്ത് സ്കൂൾ സിലബസ് വെട്ടി കുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

keralanews education department decision no need to cut school syllabus in schools in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ സിലബസ് വെട്ടി കുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രഫ.സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം. നിലവിലെ ഡിജിറ്റല്‍ ക്ലാസുകള്‍ കൂടുതല്‍ ഫലപ്രദവും ആകര്‍ഷകവുമായി നടത്താനും യോഗത്തില്‍ തീരുമാനമായി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനമനുസരിച്ച് കഴിയുന്നത്ര വേഗം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കൊവിഡ് 19 കാലത്തെ ഡിജിറ്റല്‍ പഠനത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്നും ഇതില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്താണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉടപ്പെടുത്തുന്ന വിധം പഠന പ്രവർത്തന പരിപാടി ആവിഷ്ക്കരിക്കും.നേർക്കാഴ്ച എന്ന പേരിൽ കുട്ടികളുടെ കോവിഡ് കാല പഠനാനുഭവങ്ങൾ ചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന ഒരു പരിപാടിക്ക് ഉടൻ തുടക്കം കുറിക്കും.യോഗ, ഡ്രിൽ ക്ലാസ്സുകളുടെ ഡിജിറ്റൽ സംപ്രേക്ഷണവും, കലാകായിക പഠനക്ലാസ്സുകളും ഉടൻ ആരം ഭി ക്കാനും തീരുമാനമായി.ഡിജിറ്റൽ ക്ലാസ്സുകളുടെ മികച്ച നിലവാരം ഉറപ്പാക്കുന്നതിനായി എല്ലാ ക്ലാസ്സുകളും പരിശോധിച്ച് വിലയിരുത്തുന്നതിനായി എസ്.സി.ഇ.ആര്‍.ടി ഡയറകറുടെ നേതൃത്വത്തിൽ ഒരു ഉപസമിതി രൂപീകരിക്കും.ഡി.എൽ.എഡ്. വിദ്യാർഥികളുടെ സെമസ്റ്ററാന്ത്യ പരീക്ഷ നടക്കാത്ത സാഹചര്യത്തിൽ നിരന്തര മൂല്യനിർണ്ണയ സ്ക്കോറുകൾ അന്തിമമാക്കാൻ ആവശ്യമായ നടപടികളുണ്ടാകും.ഹയർ സെക്കന്ററി 30 ഓളം മൈനർ വിഷയങ്ങളുടെ ക്ലാസ്സുകൾ ഇനിയും ആരംഭിക്കാത്തത് ഉടൻ സംപ്രേക്ഷണ നടപടികൾ സ്വീകരിക്കും. സ്കൂൾ തുറക്കുന്ന മുറയ്ക്ക് കുട്ടികളുടെ പഠന വിടവ് നികത്താൻ പ്രത്യേക പരിപാടി നടപ്പാക്കാനും യോഗം തീരുമാനിച്ചു.സർവ്വശിക്ഷാ കേരള ഒന്നു മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾക്ക് പഠനസഹായിയായ വർക്ക് ഷീറ്റുകൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺ ലൈനായി ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, DGE കെ. ജീവൻ ബാബു, എസ്.സി.ഇ.ആര്‍.ടി ഡയറക്ടർ ജെ. പ്രസാദ്, SSK ഡയറക്ടർ കുട്ടികൃഷ്ണൻ, അൻവർ സാദത്ത്, കെ.സി. ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, സി.പ്രദീപ്, സി.പി. ചെറിയ മുഹമ്മദ്, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

Previous ArticleNext Article