കോഴിക്കോട്:പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ എസ്.ടി.യു – സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എസ്ടിയു പ്രവര്‍ത്തകരെ കോഴിക്കോട്ടെ സ്വകാര്യ ആശുപതിയിലും പേരാമ്പ്ര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലും സിഐടിയു പ്രവര്‍ത്തകരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ എസ്.ടി.യു നേതൃത്വത്തില്‍ സംയുക്ത മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിലാണ് കച്ചവടം നടത്തുന്നത്. എന്നാല്‍ സി.ഐ.ടി.യു പ്രവര്‍ത്തകരായ കുറച്ചു പേര്‍ രാവിലെ ഗുഡ്സ് ഓട്ടോറിക്ഷയില്‍ മത്സ്യവുമായി മാര്‍ക്കറ്റിലെത്തിയത് നിലവിലുള്ള തൊഴിലാളികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സി.ഐ.ടി.യുവിന് പിന്‍തുണയുമായി എത്തിയിരുന്നു. സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തില്‍പെട്ടവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പേരാമ്പ്ര ടൗണില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.അതേസമയം സംഘർഷം നടന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്നവർ എല്ലാവരും ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗവ്യാപനത്തിന്റെ സാഹചരും നിലനില്‍ക്കെ പേരാമ്പ്രയിൽ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘര്‍ഷ പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും റൂം ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതാണ്. ഇവര്‍ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലര്‍ത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.