Kerala, News

സംസ്ഥാനത്ത് പി എസ് സി പരീക്ഷകള്‍ ഇനി മുതല്‍ 2 ഘട്ടമായി നടത്തും

keralanews psc exams in the state conduct in two phases

തിരുവനന്തപുരം:സംസ്ഥാനത്ത് പി എസ് സി പരീക്ഷയുടെ രീതി മാറുന്നു. ഇനി മുതല്‍ രണ്ട് ഘട്ടമായിട്ടായിരിക്കും പരീക്ഷകള്‍ നടത്തുകയെന്ന് ചെയര്‍മാന്‍ എം കെ സക്കീര്‍ പറഞ്ഞു. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക.ആദ്യ ഘട്ടമെന്ന നിലയില്‍ ഡിസംബറില്‍ പുതിയ രീതിയിലുളള പരീക്ഷകള്‍ നടത്തും. സ്‌ക്രീനിംഗ് ടെസ്റ്റില്‍ നിന്ന് മെറിറ്റുള്ളവരെ കണ്ടുപിടിച്ച്‌ പ്രിലിമിനറി ലിസ്റ്റ് തയ്യാറാക്കും. അവരെ ആയിരിക്കും അവസാന പരീക്ഷക്കായി തിരഞ്ഞെടുക്കുക. അവസാന പരീക്ഷയിലെ മാര്‍ക്കായിരിക്കും നിയമനത്തിന് സ്വീകരിക്കുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പത്താംക്ലാസ്, പ്ലസ്ടു,ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ പരീക്ഷകളായിരിക്കും നടത്തുക. സ്‌ക്രീനിംഗ് പരീക്ഷയിലെ മാര്‍ക്ക് അന്തിമഫലത്തെ ബാധിക്കില്ല. മികവുള്ളവര്‍ മാത്രമേ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. മെയിന്‍ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങളാവും ഉണ്ടാകുക. ഗൗരവത്തോടെ പി എസ് സി പരീക്ഷയെ സമീപിക്കുന്നവരെ കണ്ടെത്താനാണ് ഈ നീക്കം. അന്തിമ പരീക്ഷ കഴിഞ്ഞ ഉടന്‍ ഫലം പ്രഖ്യാപിക്കാനും സാധിക്കും.യുപിഎസ്സി പോലെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്ന സംവിധാനങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ചട്ടത്തില്‍ ഭേഗഗതി കൊണ്ടുവന്നതെന്നും പിഎസ്സി ചെയര്‍മാന്‍ അറിയിച്ചു. അതിനിടെ കോവിഡ് കാരണം നീട്ടിവച്ച പരീക്ഷകളെല്ലാം പുനരാരംഭിച്ച്‌ കഴിഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഈ പരീക്ഷകള്‍ നടത്തുക. കോവിഡ് കാലഘട്ടത്തിലേക്ക് മാത്രമായി ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തുമെന്നും കെ എ എസ് പ്രാഥമിക പരീക്ഷഫലം ആഗസ്റ്റ് 26ന് പ്രഖ്യാപിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

Previous ArticleNext Article