India, Kerala

രാജ്യത്ത് ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതിനുള്ള മൊറൊട്ടോറിയം കാലാവധി ആഗസ്റ്റ് 31ന് അവസാനിക്കും

keralanews moratorium on repayment of bank loans in the country ends on august 31st

ന്യൂഡൽഹി:രാജ്യത്ത് ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതിനുള്ള മൊറൊട്ടോറിയം അവസാനിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആറ് മാസമായി ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയമാണ് ഈ മാസം 31 ഓടെ അവസാനിക്കുന്നത്. ഇതേ തുടര്‍ന്ന് നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിച്ച്‌ രണ്ട് വര്‍ഷം വരെ നീട്ടാന്‍ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുമേഖല, പബ്ലിക് ലിമിറ്റഡ്, സഹകരണ മേഖലയിലുള്ള ബാങ്കുള്‍ക്കെല്ലാം ഈ തീരുമാനം ബാധകമാണ്. ബാങ്കുകളില്‍നിന്ന്‌ എടുത്തിട്ടുള്ള എല്ലാ വായ്പകളും പുതുക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും കാരണം വരുമാനം കുറഞ്ഞത് മൂലം ബുദ്ധിമുട്ടിലായ ഭവന വായ്പ എടുത്തവര്‍ക്ക് മൊറട്ടോറിയം ആശ്വാസമായിരുന്നു. മാര്‍ച്ച്‌ ഒന്നുമുതല്‍ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായിട്ടാണ് ആറ് മാസത്തേക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നത്.എന്നാല്‍,വായ്പ തിരിച്ചടവ് നിര്‍ത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ മുതല്‍ വായ്പകളുടെ തവണകള്‍ തിരിച്ചടയ്ക്കേണ്ടിവരും. നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവര്‍ഷം വരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക. അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം കാലത്തെ കുടിശ്ശിക അടയ്ക്കാന്‍ സാവകാശം കിട്ടും. മൊറട്ടോറിയം കാലത്തെ പലിശ വരുന്ന മാര്‍ച്ചിനുള്ളില്‍ അടച്ചുതീര്‍ത്താല്‍ മതി.അതേസമയം വിദ്യാഭ്യാസ വായ്പകള്‍ക്ക് ഇളവുകള്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 10 മുതല്‍ 11 ശതമാനം നിരക്കില്‍ ബാങ്കുകളില്‍നിന്നും വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ പുനക്രമീകരിക്കാം. വിദ്യാഭ്യാസ വായ്പ റിപ്പോ നിരക്കിലേക്ക് മാറ്റിയാല്‍ പലിശ നിരക്ക് കുറച്ചുകിട്ടും.

Previous ArticleNext Article