കൊച്ചി:തൃശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് 3 കോടി രൂപയോളം കമ്മീഷൻ ലഭിച്ചതായി എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ്. കമ്മീഷന്‍റെ വിഹിതം പലർക്കായി കൈമാറിയെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ക്രെസന്‍റ് ആണ് ഫ്ലാറ്റ് നിർമിക്കുന്നത്. ഈ പദ്ധതിക്കു വേണ്ടി ഇടനിലക്കാരി ആയപ്പോൾ ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്നു സ്വപ്ന സുരേഷ് എൻ.ഐ.എക്ക് മൊഴി നല്‍കിയിരുന്നു.അതേസമയം സ്വപ്നയുടെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം നടക്കും. സ്വപ്ന ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാല്‍ ജാമ്യം നല്കരുതെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കരനുമായി സ്വപ്നക്ക് അടുത്ത ബന്ധമുണ്ട്. ഇരുവരും ഒരുമിച്ച് വിദേശ യാത്ര നടത്തിയിരുന്നുവെന്നും സ്വപ്ന ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്‍റെ ഉപദേശ പ്രകാരമായിരുന്നുവെന്നും ഇത് അന്വേഷിക്കുകയാണെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചിട്ടുണ്ട്.അതേസമയം വിവാദമായ ലൈഫ് മിഷൻ ഫ്ലാറ്റ് കെട്ടിടം യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്ദർശിക്കും.സർക്കാർ ലൈഫ് മിഷനെ മറയാക്കി നടത്തിയ സാമ്പത്തിക തട്ടിപ്പും ഗൂഢാലോചനയും അന്വേഷിക്കണം എന്നാണ് യു.ഡി.എഫിന്‍റെ ആവശ്യം.