ഇടുക്കി:മണ്ണിടിച്ചില്‍ ദുരന്തം നടന്ന രാജമല പെട്ടിമുടിയില്‍ നിന്ന് ഇന്ന ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.അപകടം നടന്ന സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി.തെരച്ചിലിന്റെ മൂന്നാം ദിനമായ ഞായറാഴ്ച എട്ട് മൃതദേഹങ്ങള്‍ പുഴയില്‍ നിന്നും ഒൻപത് മൃതദേഹങ്ങള്‍ ചെളിയില്‍ നിന്നും കണ്ടെടുത്തിരുന്നു.പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം എല്ലാവരുടെയും സംസ്‌കാരം നടത്തി. ഞായറാഴ്ച കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം തെരച്ചില്‍ വൈകിട്ട് 5.30 മണിക്ക് നിര്‍ത്തിവച്ചു. തുടര്‍ന്ന് തിങ്കളാഴ്ച തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ഇനിയും 22 പേരെയാണ് കണ്ടെത്താനുള്ളത്. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് പൊലിസ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്.ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന രക്ഷാ സേന, പൊലിസ്, റവന്യൂ, വനംവകുപ്പുകള്‍, സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.