തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജി എന്‍.ഐ.എ കോടതി തള്ളി.സ്വര്‍ണക്കടത്തില്‍ സ്വപ്ന പങ്കാളിയാണെന്ന് പ്രഥമദൃഷ്ടിയാല്‍ തന്നെ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകര്‍ വാദിച്ചത്. കേസ് നികുതിവെട്ടിപ്പാണെന്നും യു.എ.പി.എ ചുമത്താനാവില്ലെന്നും വാദിച്ചിരുന്നു. എന്നാല്‍ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ എന്‍.ഐ.എ അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.വന്‍ സ്വാധീനങ്ങളുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുര്‍ബലമാക്കുമെന്ന വാദമാണ് എന്‍.ഐ.എ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ആദ്യം ജോലി ചെയ്ത യു.എ.ഇ കോണ്‍സുലേറ്റിലും സ്വപ്നക്ക് സ്വാധീനുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. ഇതുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിക്കുമെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു.കേസിൽ യുഎപിഎ വകുപ്പുകൾ നിലനില്‍ക്കുമോ എന്നതിന്റെ നിയമവശങ്ങൾ കോടതി പരിശോധിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാനുള്ള ശ്രമം നടത്തിയതിനാൽ പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്നാണ് എന്‍.ഐ.എ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സ്വപ്നയുടെ വാദം.