Kerala

ആര്‍ദ്രം പദ്ധതിക്ക് നാളെ തുടക്കം

keralanews aardram project tomorrow onwards

ആരോഗ്യരംഗത്തെ സമഗ്ര മാറ്റത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിക്ക് നാളെ(16.02.2017) തുടക്കമാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ പകല്‍ 11ന് ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനംചെയ്യും. സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉദ്ഘാടന ദിനംതന്നെ ആരോഗ്യസഭ ചേരും. മൂന്ന് മണിക്കാണ് ആരോഗ്യ സഭ. ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആരോഗ്യരംഗത്തെ എല്ലാ തലങ്ങളും രോഗീസൗഹൃദമാക്കുന്നതും ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതുമാണ് പദ്ധതി. മിഷന്റെ ഭാഗമായി ആശുപത്രികളില്‍ വരുന്ന രോഗികള്‍ക്ക് ഗുണമേന്മയുള്ളതും സൗഹാര്‍ദപരവുമായ സേവനം ഉറപ്പാക്കും. ഒപി വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ആധുനികവല്‍ക്കരിച്ച രജിസ്‌ട്രേഷന്‍, ടോക്കണ്‍ സംവിധാനങ്ങള്‍, രോഗികളുടെ സ്വകാര്യത ഉറപ്പാക്കുന്ന കണ്‍സള്‍ട്ടേഷന്‍ മുറികള്‍ എന്നിവ ഒരുക്കും. അത്യാഹിത വിഭാഗം, ഐപി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പ്രസവമുറി, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവയിലെ സൗകര്യങ്ങള്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കും. കൂടാതെ, വ്യത്യസ്ത സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജില്ല, താലൂക്ക്, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്തുതല ആരോഗ്യസസ്ഥാപനങ്ങളില്‍ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ പുനഃക്രമീകരിക്കും. ആശുപത്രിയുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ പ്രധാനപ്പെട്ട രോഗങ്ങള്‍ക്ക് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ തയ്യാറാക്കാനും അണുബാധ നിയന്ത്രണത്തിനും ആവശ്യമായ സംവിധാനങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും.

മാലിന്യം, തെരുവുനായ ശല്യം, പകര്‍ച്ചവ്യാധി, കുടിവെള്ള മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നഗര കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. രണ്ടു ഘട്ടമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2020 ലക്ഷ്യമിട്ട് ഹ്രസ്വകാല പദ്ധതികളും 2030ല്‍ പൂര്‍ത്തിയാക്കേണ്ട ദീര്‍ഘകാല പദ്ധതികളും. കൂടാതെ പകര്‍ച്ചവ്യാധി നിയന്ത്രണം, മറ്റ് രോഗനിയന്ത്രണം, പാലിയേറ്റീവ് കെയര്‍, വയോജന പരിപാലനം, ഭിന്നശേഷിക്കാരുടെ ക്ഷേമം, ലഹരി മുക്തമാക്കല്‍ തുടങ്ങിയവയൊക്കെ അതതു വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തും.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *