ആലുവ:നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്.മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് മരിച്ചത്.അബദ്ധത്തില്‍ നാണയം വിഴുങ്ങി അത്യാസന്ന നിലയിലായ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധചികിത്സ നല്‍കിയില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. അവശനായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്നും വിഴുങ്ങിയ നാണയം തനിയെ പൊയ്‌ക്കൊള്ളും എന്നുമാണ് ആശുപത്രി അധികൃതര്‍ അയച്ചതെന്നും അമ്മ നന്ദിനി പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. കുട്ടി നാണയം വിഴുങ്ങി എന്ന് അറിഞ്ഞ വീട്ടുകാര്‍ അപ്പോള്‍ തന്നെ ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ ശിശു ചികിത്സാ വിദഗ്ധന്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെയും വിദഗ്ധചികിത്സ ലഭ്യമായിരുന്ന വീട്ടുകാര്‍ പറയുന്നു. ഇവിടെയും ശിശുരോഗ വിദഗ്ധന്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പഴവും വെള്ളവും കൊടുത്താൽ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞതെന്നും കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു.സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടു.ആലുവ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് എതിരെ ഉൾപ്പെടെ രൂക്ഷമായ ആരോപണങ്ങൾ കുട്ടിയുടെ ബന്ധുക്കൾ ഉന്നയിച്ച സാഹചര്യത്തിലാണു നടപടി.ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് ചികിത്സ നിഷേധിച്ചോ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.