Kerala, News

കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കൈകൂലിയായി സൂക്ഷിച്ച 31210 രൂപ പിടികൂടി

keralanews cash seized from vigilance raid in kannur r t office

കണ്ണൂര്‍: കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കൈകൂലിയായി സൂക്ഷിച്ച 31210 രൂപ പിടികൂടി. ആര്‍ടി ഓഫീസില്‍ ഇടപാടുകാരില്‍ നിന്ന് വ്യാപകമായി കൈകൂലി സ്വീകരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.ജീവനക്കാരുടെ പേര് എഴുതി ഓഫീസിലെ ബോക്‌സില്‍ നിക്ഷേപിച്ച നിലയിലാണ് പണം കണ്ടെത്തിയത്. ജൂനിയര്‍ സൂപ്രണ്ടിന്റെ കയ്യില്‍ നിന്ന് കണക്കില്‍ പെടാത്ത 500 രൂപയും കണ്ടെത്തിയിട്ടുണ്ട്.വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന്റെ നിര്‍ദേശത്തെ തുടർന്ന് കണ്ണൂര്‍ യൂണിറ്റ് മിന്നല്‍ പരിശോധന നടത്തിയത്. ആര്‍ടി ഓഫീസില്‍ പൊതുജനങ്ങള്‍ നേരിട്ട് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാറില്ല.ഏജന്റുമാര്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ പരിഗണിക്കുന്നുള്ളൂ എന്നും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.നേരിട്ട് അപേക്ഷ സമര്‍പിച്ചാല്‍ മാസങ്ങളോളം പരിഗണിക്കാതെ കിടന്നിട്ടുണ്ടെന്നാണ് പൊതുജനങ്ങള്‍ പരാതിപ്പെടുന്നത്.
നേരിട്ട് ലഭിക്കുന്ന അപേക്ഷ ആഗസ്റ്റ് 31നകം പരിഗണിക്കണമെന്ന ട്രാന്‍പോര്‍ട്ട് കമ്മീഷന്‍ ഉത്തരവ് പാലിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ നേരത്തെയും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.ഒരു മണിക്കൂറോളം നടന്ന പരിശോധനയില്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശന്‍,സബ് ഇന്‍സ്‌പെക്ടര്‍മാരായ ജഗദീഷ്,അരുള്‍ ആനന്ദന്‍,അമൃത സാഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous ArticleNext Article