കാസര്‍കോട്: എക്സൈസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട് മൂന്ന് എക്സൈസ് ഓഫീസുകള്‍ അടച്ചു. ഇന്നലെയാണ് കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. എക്സൈസ് റേഞ്ച് ഓഫീസ്, സര്‍ക്കിള്‍ ഓഫീസ്, എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഓഫീസ് എന്നീ മൂന്ന് ഓഫീസുകള്‍ ആണ് അടച്ചത്. കൂടാതെ വെള്ളരിക്കുണ്ട് ബീവറേജും അടച്ചു. കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥന് ബീവറേജില്‍ പരിശോധനക്ക് എത്തിയിരുന്നതിനാല്‍ ആണ് ബിവറേജ് അടച്ചത്.അഞ്ചു ദിവസം മുന്‍പാണ് കാഞ്ഞങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട് ലെറ്റില്‍ പരിശോധനക്ക് എത്തിയത്. ബിവറേജിലെ ജീവനക്കാരെല്ലാം ക്വാറന്റൈനില്‍ പ്രവേശിച്ചു. കൂടാതെ എക്സൈസ് ഓഫീസുകളിലെ 26 ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു.കോവിഡ് സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥന് ബീവറേജിന്റെ അകത്തു പ്രവേശിക്കുകയും ജീവനക്കാരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. വെള്ളരിക്കുണ്ട് ബിവറേജിലെ ജീവക്കാര്‍ ക്വാറന്റീനില്‍ പോകുമ്പോൾ ഇവിടെ നിന്നും ആപ്പു വഴി മദ്യം വാങ്ങിയവരും ആശങ്കയിലായിരിക്കുകയാണ്.അതിനിടെ കുമ്പള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 20 പൊലീസുകാര്‍ ക്വാറന്റൈനിലായി. കാസര്‍കോട് രോഗവ്യാപനം കൂടുതലുള്ള മേഖലയാണ് കുമ്പള. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 47പേരില്‍ 41 പേരും സമ്പർക്കത്തിലൂടെയാണ് രോഗ ബാധിതരായത്.കാസര്‍കോട് നഗരസഭയില്‍ മാത്രം 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍കോട്,കുമ്പള മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ ജില്ലയിലെ ക്ലസ്റ്ററുകളില്‍ രോഗബാധിതര്‍ കൂടുകയാണ്.സമ്പർക്ക രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കുമ്പള പഞ്ചായത്തില്‍ 24 മുതല്‍ 15 ദിവസം സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്