തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് വീണ്ടും സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിക്കാൻ സാധ്യത.വൈറസ് വ്യാപനം രൂക്ഷമായ പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നത് കൊണ്ട് കാര്യമില്ലെന്ന് നിഗമനത്തിലേക്കും സര്‍ക്കാര്‍ എത്തിയതായാണ് സൂചന. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ നാളെ വിളിച്ച സര്‍വ കക്ഷി യോഗത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.സമ്പൂര്‍ണ അടച്ചിടല്‍ വിദഗ്ധരടക്കം പങ്കുവെക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ‘നേരത്തെ നമ്മള്‍ സമ്പൂര്‍ണലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും, ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തലസ്ഥാനത്തെ തീരദേശ മേഖലയിലും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും സമ്പർക്ക വ്യാപനം രൂക്ഷമാണ്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരില്‍ 65.16 ശതമാനം പേര്‍ക്കും പ്രാദേശിക സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 397ലേക്കും എത്തി. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാരിന് മുന്‍പിലുള്ള മാര്‍ഗങ്ങളില്‍ ഒന്ന്.1038 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പിടിപ്പെട്ടത്. ആദ്യമായി നാല് ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം 100 കവിഞ്ഞു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സാഹചര്യം ഗുരുതരമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.അതേസമയം സമ്പൂർണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതിരൂക്ഷമാകും.പ്രതിസന്ധി ഘട്ടങ്ങള്‍ മുന്നിലുള്ളതിനാല്‍ എല്ലാ കാര്യങ്ങളും വിലയിരുത്തും. നിലവില്‍ കര്‍ണാടകത്തില്‍ നിന്ന് വരുന്നതിനടക്കം തടങ്ങളില്ല. അതുകൊണ്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതിര്‍ത്തി അടച്ചിടല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. അതേസമയം പുതുതുതായി മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയും കനത്ത ജാഗ്രതയിലാണ്. ഒരു ഡോക്ടര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കുമാണ് ഉറവിടം വ്യക്തമാകാത്ത രോഗബാധയുള്ളത്.സമ്പർക്ക ഭീതി ഉള്ളതിനാല്‍ കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.