Kerala, News

സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിനിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

keralanews covid-confirmed-to-a-student-who-had-written-the-keam-exam

തിരുവനന്തപുരം:തിരുവനന്തപുരത്ത് ‘കീം’ പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മുതല്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥിനി. കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളിലാണ് ഈ കുട്ടി പരീക്ഷ എഴുതിയത്. ഈ വിദ്യാര്‍ത്ഥിനിയുടെ രോഗവിവരം ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പംവന്ന ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച അഞ്ചല്‍ സ്വദേശിനിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഒരു സ്വകാര്യ വാര്‍ത്ത ചാനല്‍ വ്യക്തമാക്കുന്നു. അഞ്ചലില്‍ നിന്ന് കാറില്‍ അമ്മയ്ക്കും ബന്ധുവിനുമൊപ്പം കാറിലാണ് വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതാനെത്തിയത്.ഇതോടെ ഈ വിദ്യാര്‍ത്ഥിനിക്കൊപ്പം പരീക്ഷയെഴുതിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥിയുടെ കൂട്ടിനായെത്തിയ ഒരു രക്ഷിതാവിനുമാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.തെക്കാട് ബിഎഡ് സെന്ററില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കരമന ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്.

Previous ArticleNext Article