കണ്ണൂര്‍:രണ്ടു ദിവസമായി െപയ്യുന്ന കനത്തമഴയില്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. കണ്ണൂര്‍ നഗരത്തിനടുത്ത പടന്നപ്പാലം റോഡ്, പാസ്പോര്‍ട്ട് ഓഫിസിലെ പാര്‍ക്കിങ് ഏരിയ എന്നിവിടങ്ങളില്‍ വെള്ളം കയറി. അഞ്ചുകണ്ടി, മഞ്ചപ്പാലം എന്നിവിടങ്ങളില്‍ നിരവധി വീടുകളിലും വെള്ളം കയറി. പടന്നപ്പാലം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാര്‍ ഒാവുചാലില്‍ വീണു. മഞ്ചപ്പാലം, പടന്നപ്പാലം ഭാഗങ്ങളില്‍ പതിനഞ്ചോളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, താവക്കര എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.അഞ്ചുകണ്ടിയിൽ 15 ഉം വെറ്റിലപ്പള്ളിയിൽ നാലും വീടുകളിൽ വെള്ളം കയറി.ഇവിടങ്ങളിൽ കിണറുകളും മലിനമായി.അഞ്ചുകണ്ടിയിൽ ഓവുചാലിൽ മാലിന്യം വന്നടിഞ്ഞതാണ് വെള്ളം കയറാനിടയാക്കിയത്.റവന്യൂ-കോർപറേഷൻ-അഗ്നിരക്ഷാ സേന എന്നീ വിഭാഗങ്ങൾ മണിക്കൂറുകൾ പണിപ്പെട്ട് സ്ളാബ് അറുത്തുമാറ്റി മാലിന്യം ഒഴുക്കിവിട്ടപ്പോഴാണ് ജലനിരപ്പ് താഴ്ന്നത്.അഴീക്കോട് ഓലടക്കുന്നിൽ ഉരുൾപൊട്ടി പാറക്കല്ലിടിഞ്ഞു വീണു.കല്ല് മരത്തിൽത്തട്ടി നിന്നതിനാൽ താഴെ താമസിക്കുന്നവർ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു.അഴീക്കോട് വൻ കുളത്ത് വയൽ ,അരയബ്രത്ത് ക്ഷേത്രം പഴയ വൈദ്യുതി ഓഫീസ് ഭാഗങ്ങളിൽ കൂടി പോകുന്ന തോട് നിറഞ്ഞൊഴുകിയതിനാൽ ആ ഭാഗത്തും വെള്ളക്കെട്ട് ഉണ്ടായി.മേയർ സി.സീനത്ത്, കൗൺസിലർമാരായ ടി.ഓ മോഹനൻ,സി.സമീർ,വില്ലേജ് ഓഫീസർ പി.സുനിൽകുമാർ തുടങ്ങിയവർ വെള്ളം കയറിയ സ്ഥലങ്ങൾ സന്ദർശിച്ചു.