ജയ്പൂർ:രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ കലാപമുയര്‍ത്തിയ സച്ചിന് പൈലറ്റിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കി. ഉപമുഖ്യമന്ത്രി പദത്തില്‍നിന്നും സച്ചിനെ മാറ്റിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.ജയ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സച്ചിന് പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ടു മന്ത്രിമാരെയും നീക്കം ചെയ്തിട്ടുണ്ട്. വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയാണ് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്.രാജസ്ഥാന് പിസിസി അധ്യക്ഷനായി ഗോവിന്ദ് സിങ് ദൊസ്താരയെ നിയമിച്ചു.രാജസ്ഥാൻ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് സച്ചിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. യോഗത്തില്‍ സച്ചിന് പങ്കെടുത്തിരുന്നില്ല. അശോക് ഗെഹ്ലോട്ട്, കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല , അജയ് മാക്കൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.നിയമസഭാ കക്ഷിയോഗം വിട്ട് നിൽക്കുന്ന എം.എൽ.എമാർക്കെതിരെ യോഗത്തില്‍ പ്രമേയം പാസാക്കിയിരുന്നു. സച്ചിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അശോക് ഗഹ്ലോട്ടിന് കീഴിൽ മുന്നോട്ട് പോകാനാകില്ലെന്ന് സച്ചിൻ പൈലറ്റ് ക്യാമ്പിലെ എം.എൽ.എമാർ വ്യക്തമാക്കിയിരുന്നു.
2018 ഡിസംബര്‍ 17 മുതല്‍ രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. രാജസ്ഥാന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിസിസി പ്രസിഡന്റ് എന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ നയിച്ചത് സച്ചിന് പൈലറ്റ് ആണ്. ടോങ്ക് മണ്ഡലത്തിലെ എംഎല്‍എയാണ്. തിരഞ്ഞെടുപ്പ് വിജയം മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്ന സച്ചിന് പൈലറ്റ്, ഗെലോട്ടുമായി നിരന്തരം പോരിലായിരുന്നു.30 എംഎല്‍എമാരുടെ പിന്തുണ സച്ചിന് പൈലറ്റ് വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും 16 പേരോളമാണ് സച്ചിനൊപ്പമുള്ളത് എന്നാണ് സൂചന. 17 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും തങ്ങള്‍ക്കൊപ്പമുണ്ടന്നാണ് ഇന്നലെ സച്ചിന് വിഭാഗം അവകാശപ്പെട്ടത്. അശോക് ഗെലോട്ട് സ്വതന്ത്രരടക്കം 109 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇന്നലെ ജയ്പൂരിലെ വീട്ടില്‍ നടത്തിയ ശക്തി പ്രകടനത്തില്‍ 97 പേര് പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇരു വിഭാഗങ്ങളും അവകാശവാദങ്ങള്‍ പരസ്പരം തള്ളിക്കളഞ്ഞിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാം എന്ന് ദേശീയ നേതൃത്വം പറഞ്ഞിരുന്നെങ്കിലും നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാനോ അനുനയ ശ്രമങ്ങള്‍ക്കോ സച്ചിന് പൈലറ്റ് വഴങ്ങിയിരുന്നില്ല.