തിരുവനന്തപുരം:സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങും. നിരക്കുവര്‍ധന വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കാതെയും എന്നാല്‍, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറച്ചുമാണ് വര്‍ധന. ഇതോടെ മിനിമം നിരക്കായ എട്ടുരൂപയില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്ററില്‍ നിന്ന് 2.5 കിലോമീറ്ററായി ചുരുങ്ങും.കിലോമീറ്റര്‍ ചാര്‍ജ് നിലവിലെ 70 പൈസ എന്നത് 90 പൈസയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ രണ്ടര കിലോമീറ്റര്‍ കഴിഞ്ഞുള്ള സഞ്ചാരത്തിന് പുതിയ സ്‌റ്റേജും നിരക്കുമാകും.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാർശ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം ഭേദഗതികളോടെ അംഗീകരിക്കുകയായിരുന്നു. നിരക്കുവര്‍ധന കോവിഡ് കാലത്തേക്ക് മാത്രമായിരിക്കും. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങി മുകളിലേക്കുള്ള സര്‍വിസുകളില്‍ മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം കുറച്ചിട്ടില്ല.മിനിമം ചാര്‍ജ് എട്ടില്‍നിന്ന് 10 രൂപയാക്കണമെന്ന രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചില്ല. മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്ററാക്കി ചുരുക്കണമെന്നും ഈ ദൂരപരിധിയിലെ നിരക്ക് 10 രൂപയാക്കണമെന്നുമായിരുന്നു ശുപാർശ.ഇതോടൊപ്പം വിദ്യാര്‍ഥികളുടെ നിരക്ക് ആദ്യത്തെ സ്‌റ്റേജിന് അഞ്ചു രൂപയും തുടര്‍ന്നുള്ള സ്‌റ്റേജുകള്‍ക്ക് വര്‍ധിപ്പിച്ച ചാര്‍ജിന്റെ അഞ്ചു രൂപയും ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇതും അംഗീകരിച്ചില്ല.