Kerala, News

മരിച്ച വയോധികയുടെ പേരിലുള്ള പെന്‍ഷന്‍തുക തട്ടിയെടുത്തു; കണ്ണൂരില്‍ കളക്ഷൻ ഏജന്റും സി.പി.എം വനിതാ നേതാവുമായ യുവതിക്കെതിരെ പരാതി

keralanews complaint against cpm leader and bank collection agent in pension fraud case in kannur

കണ്ണൂര്‍: കണ്ണൂരില്‍ മരിച്ച വയോധികയുടെ പേരില്‍ വന്ന ക്ഷേമ പെന്‍ഷന്‍ തുക വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതായി പരാതി. സി.പി.എം പ്രവർത്തകയും മഹിളാ ജില്ലാ നേതാവുമായ യുവാതിക്കെതിരെയാണ് പരാതി.പായം പഞ്ചായത്ത് പ്രസിഡന്റിനെറ ഭാര്യയും ബാങ്കിലെ കലക്ഷന്‍ ഏജന്റുമായ സ്വപ്‌നയ്‌ക്കെതിരെയാണ് പരാതി. ഇതേതുടര്‍ന്ന് സ്വപ്നയെ ബാങ്ക് സസ്‌പെന്റു ചെയ്തുവെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ മാതൃസഹോദരി പുത്രിയാണ് സ്വപ്‌ന. പാര്‍ട്ടിയിലെ ബന്ധമാണ് നടപടി സ്വീകരിക്കുന്നതില്‍ പോലീസിനെ പിന്നോട്ടുവലിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ധനാപഹരണം എന്നീ ഗുരുതര കുറ്റങ്ങളാണ് സ്വപ്‌നയ്‌ക്കെതിരെ ആരോപിക്കുന്നത്.
കൗസു തോട്ടത്താന്‍ എന്ന വയോധികയുടെ പേരില്‍ വന്ന പെന്‍ഷന്‍തുകയാണ് സ്വപ്‌ന തട്ടിയെടുത്തത്. തളര്‍വാതം പിടിപെട്ട് കിടപ്പിലായിരുന്ന കൗസു മാര്‍ച്ച്‌ ഒൻപതിനാണ് മരിച്ചത്. കൗസു മരിച്ച കാര്യം മാര്‍ച്ച്‌ 20ന് പായം പഞ്ചായത്തിനെ അറിയിച്ചിരുന്നുവെന്ന് പെണ്‍മക്കള്‍ പറയുന്നു. കൗസുവിന്റെ മരുമക്കളില്‍ ഒരാളായ കടുമ്പേരി ഗോപി തന്റെ പെന്‍ഷന്‍ തുക വാങ്ങാന്‍ അംഗനവാടിയില്‍ ചെന്നിരുന്നു. മുന്‍പ് വീടുകളില്‍ എത്തിച്ചു നല്‍കുകയായിരുന്നുവെങ്കില്‍ ലോക്ഡൗണിനെ തുടര്‍ന്ന് അംഗനവാടിയില്‍ വച്ച്‌ ഇത്തവണ പെന്‍ഷന്‍ വിതരണം നടത്തുകയായിരുന്നു.കൗസുവിന്റെ പേര് വിളിച്ചപ്പോള്‍ മരിച്ചുപോയ കാര്യം ഗോപി ബാങ്ക് അധികൃതരെ അറിയിച്ചു. എന്നാല്‍ കൗസുവിന്റെ പേരില്‍ വന്ന 6100 രൂപയുടെ രസീത് ആളില്ലെന്ന് അറിഞ്ഞതോടെ മാറ്റിവച്ചു. എന്നാല്‍ പിന്നീട് ഈ രസീത് മാറി പണം വാങ്ങിയതായി വ്യക്തമായതോടെയാണ് കുടുംബവും പഞ്ചായത്ത് അംഗവും പരാതി നല്‍കിയത്. വിവാദമായതോടെ പണം തങ്ങള്‍ തന്നെ കൈപ്പറ്റിയെന്ന് ഒഒപ്പിട്ട് നല്‍കണമെന്ന് സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് കൗസുവിന്റെ പെണ്‍മക്കള്‍ പറയുന്നു. എന്നാല്‍ പ്രദേശത്ത് നെല്‍കൃഷി സന്ദര്‍ശക്കിനാണ് പോയതെന്നാണ് സ്വപ്‌നയുടെ ഭര്‍ത്താവും പഞ്ചായത്ത് പ്രസിഡന്റുമായ അശോകന്റെ വിശദീകരണം.

Previous ArticleNext Article