Kerala, News

ബസ് ചാര്‍ജ് വര്‍ധന ഉടന്‍;മിനിമം ചാര്‍ജ് പത്തുരൂപയാക്കും

keralanews bus charge will increase soon minimum charge will be 10 rupees

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഉടന്‍.ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ഇടക്കാല ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. വിവിധ തലങ്ങളില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറയ്ക്കാനും ശുപാര്‍ശയില്‍ പറയുന്നു. അതേ സമയം നിരക്കു വര്‍ധന കൊവിഡ് കാലത്തേക്കു മാത്രമാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. 25 ശതമാനം വര്‍ധനയാണ് ഉദ്ദേശിക്കുന്നത്. അതായത് മിനിമം ചാര്‍ജ് പത്തുരൂപയാക്കും. വിദ്യാര്‍ഥികളുടെ നിരക്കില്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി കൂടിയാലോചിച്ചു മാത്രമേ നടപ്പാക്കൂയെന്നും മന്ത്രി വ്യക്തമാക്കി.മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 10 ആക്കണമെന്നും 12 ആക്കണമെന്നുമുള്ള രണ്ടു ശുപാര്‍ശകള്‍ കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ കാലത്തേക്ക് മാത്രമായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ടിലേക്ക് കമ്മിഷന്‍ എത്തിയിട്ടില്ല.അതേസമയം, മിനിമം നിരക്ക് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി സര്‍ക്കാരിന്‌ കത്ത് നല്കി. കോവിഡ് കഴിഞ്ഞാല്‍ നിരക്ക് കുറയ്‌ക്കേണ്ടി വരുമെന്നതിനാല്‍ അതുകൂടി കണക്കിലെടുത്തായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക.കോവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വര്‍ധന ആയതിനാല്‍ ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തല്‍ . അങ്ങനെയെങ്കില്‍ ഗതാഗത വകുപ്പിന്റെ ഗുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചാലുടന്‍ പ്രഖ്യാപനം ഉണ്ടായേക്കും.

Previous ArticleNext Article