തിരുവനന്തപുരം:ആഗസ്ത് മാസത്തോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന കണക്ക് കൂട്ടലില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് സംസ്ഥാനം പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും കോവിഡ് ആശുപത്രികളും സജ്ജീകരിച്ചിട്ടുണ്ട്.കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ച് വരുന്നത് കൊണ്ട് ആഗസ്ത് മാസത്തോടെ കൂടുതല്‍ രോഗികള്‍ ഉണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കണക്ക് കൂട്ടല്‍.പ്ലാന്‍ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലുമായി 29 കോവിഡ് ആശുപത്രികളും അവയോടു ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും.രണ്ടാംനിര കോവിഡ് ആശുപത്രികളും തെരഞ്ഞെടുക്കും.ഇത്തരത്തില്‍ പ്ലാന്‍ എ, ബി, സി എന്ന മുറയ്ക്ക് 171 കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലായി 15,975 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ട്.സംസ്ഥാനം സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും അതിന്‍റെ സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.