ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികല പ്രതിയായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ചൊവ്വാഴ്ച രാവിലെ 10.30-ന് സുപ്രീംകോടതി വിധിപറയും. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിർണായകമായ ഈ വിധി ശശികലയ്ക്ക് പ്രതികൂലമാണ് വിധിയെങ്കില്‍ അവരുടെ രാഷ്ട്രീയഭാവിയെയും മുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ള എല്ലാ അവകാശവാദങ്ങളെയും ബാധിക്കും.
അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയാണ് കേസിലെ ഒന്നാംപ്രതി. ജയലളിതയുടെ വളര്‍ത്തുമകന്‍ വി.എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവരാണ് മറ്റ് പ്രതികള്‍. 1991-’96 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരിക്കെ 66 കോടിയുടെ അനധികൃത സ്വത്ത് സമാഹരിച്ച കേസില്‍ നാലുപ്രതികള്‍ക്കും വിചാരണക്കോടതി നാലുവര്‍ഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു. ജയലളിതയ്ക്ക് നൂറു കോടി രൂപയും ശശികല ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് പത്ത് കോടി രൂപ വീതവും പിഴയും വിധിച്ചു.ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കര്‍ണാടക ഹൈക്കോടതി നാലുപേരെയും വെറുതെവിട്ടത്. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. ജഡ്ജിമാരായ അമിതാവ് റോയ്, പി.സി. ഘോഷ് എന്നിവരുടെ ബെഞ്ചാണ് വിധി നടപ്പിലാക്കുക.