ന്യൂഡല്‍ഹി: കള്ള്, വൈന്‍, ബിയര്‍ എന്നിവയെ മദ്യത്തിന്റെ നിര്‍വചനത്തില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നും കേരളം സുപ്രീം കോടതിയില്‍ നല്‍കിയില്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.
പാതയോരത്തെ ബാറുകള്‍ക്കും ഈ വിധി ബാധകമാണോയെന്ന് പരിശോധിക്കണം. അതേസമയം ബിയര്‍ മദ്യമല്ലെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും, മദ്യ നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
പാതയോരത്തുള്ള 150 മദ്യശാലകളാണ് മാര്‍ച്ച് 31ന് മുമ്പ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍, 25 എണ്ണമേ ഇതുവരെ മാറ്റാനായിട്ടുള്ളു. ബാക്കി 155ഉം ജനകീയ പ്രതിഷേധങ്ങള്‍ കാരണം പാതയോരത്തുതന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ എട്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ബെവ്‌കോ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിന് കൂടുതല്‍ സമയം തേടി ബെവ്‌കോയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.