Kerala, News

സമൂഹ വ്യാപന സാധ്യത;കണ്ണൂരില്‍ മൂന്ന് കോവിഡ് ആശുപത്രികള്‍ കൂടി സജ്ജമാക്കുന്നു

keralanews chance for social spreading three more covid hospitals will set up in kannur

കണ്ണൂർ:ജില്ലയിൽ  സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് മൂന്ന് കോവിഡ് ആശുപത്രികള്‍ കൂടി സജ്ജമാക്കുന്നു.പരിയാരം ഗവ. ആയുര്‍വേദ കോളജ് ആശുപത്രി,തളിപ്പറമ്പ് കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം, പാലയാട് ഡയറ്റ് ഹോസ്റ്റല്‍ എന്നിവയാണ് ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി ഏറ്റെടുത്ത് ആശുപത്രികളാക്കുക. ആവശ്യമായ സജ്ജീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ടി വി സുഭാഷ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.160 ബെഡുകളാണ് പരിയാരം ഗവ. ആയുര്‍വേദ കോളജില്‍ ഉള്ളത്.ഇവിടെ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ നിര്‍ദേശം ലഭിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ എന്‍ അജിത്കുമാര്‍ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ ഈ ആവശ്യത്തിനായി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചിരുന്നു.കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം എയ്റോസിസ് കോളേജായി പ്രവർത്തിച്ചു വരികയായിരുന്നു. ഇവിടെ നൂറിലേറെ ബെഡുകള്‍ സജ്ജീകരിക്കും.പാലയാട് ഡയറ്റ് ഹോസ്റ്റല്‍ തലശേരി മേഖലയിലെ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഫണ്ട് ദേശീയ ആരോഗ്യദൗത്യത്തില്‍ (എന്‍എച്ച്‌എം) നിന്ന് ഉപയോഗപ്പെടുത്തും. ഇതിനായി ഡിപിഎമ്മിനെ ചുമതലപ്പെടുത്തി.പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, അഞ്ചരക്കണ്ടി കോവിഡ് ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ ജില്ലയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നത്.

Previous ArticleNext Article