Kerala, News

കണ്ണൂർ നഗരത്തിൽ പോലീസ് നിയന്ത്രണം കർശനമാക്കി

keralanews strict police control in kannur city

കണ്ണൂർ:സമ്പർക്കത്തിലൂടെ കോവിഡ് രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കണ്ണൂർ നഗരത്തിൽ പോലീസ് നിയന്ത്രണം കർശനമാക്കി.ജനങ്ങളുടെ സുരക്ഷക്കായാണ് പൊലീസ് നഗരത്തില്‍ കടുത്ത നിയന്ത്രണവും ജാഗ്രതയും ഏര്‍പ്പെടുത്തിയതെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. സാമൂഹിക വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് നഗരം അടച്ചിട്ടതെന്ന് ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയും വ്യക്തമാക്കി. കണ്ണൂര്‍ കോര്‍പറേഷനിലെ കണ്ണൂര്‍ നഗരത്തില്‍നിന്നും തലശ്ശേരി റോഡില്‍ താണ വരെയും തളിപ്പറമ്പ് റോഡില്‍ പള്ളിക്കുന്നുവരെയും ചാലാട് ഭാഗത്തേക്ക് കുഴിക്കുന്നുവരെയും കക്കാട് ഭാഗത്തേക്ക് കോര്‍ജാന്‍ സ്‌കൂള്‍ വരെയും തായത്തെരു ഭാഗത്ത് റെയില്‍വേ അണ്ടര്‍ പാസ് വരെയുമുള്ള പ്രദേശങ്ങള്‍ ഉൾക്കൊള്ളുന്ന ഭാഗമാണ് ജില്ല കലക്ടര്‍ കണ്ടെയ്‌ൻമെൻറ് സോണായി പ്രഖ്യാപിച്ചത്.ഇതിെൻറ ഭാഗമായി കോര്‍പറേഷനിലെ 11 ഡിവിഷനുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് വരുത്തിയിട്ടുള്ളത്. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്നും എന്നാല്‍ ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാകില്ലെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെൻറ് മേഖലയിലെ വ്യാപാരി പ്രതിനിധികളുമായി ജില്ല പൊലീസ് മേധാവി ആശയ വിനിമയം നടത്തി.കണ്ണൂരിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നാണ് മന്ത്രി ഇ.പി. ജയരാജനും വെള്ളിയാഴ്ച പ്രതികരിച്ചത്.വ്യാഴാഴ്ച കോവിഡ് ബാധിച്ച് മരിച്ച മട്ടന്നൂര്‍ എക്‌സൈസ് ഡ്രൈവര്‍ കെ. സുനില്‍ കുമാര്‍, കണ്ണൂരില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച 14 കാരന്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.കണ്ണൂരിനു പുറമെ മട്ടന്നൂര്‍ നഗരസഭയും ഈമാസം 30വരെ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ നഗരവുമായി ബന്ധപ്പെട്ട  20 റോഡുകളാണ് അടച്ചത്. ദീര്‍ഘദൂര ബസുകളെ മാത്രമേ പുതിയ ബസ്‌സ്റ്റാന്‍ഡിലേക്കും പഴയ ബസ്‌സ്റ്റാന്‍ഡിലേക്കും പോകാന്‍ അനുവദിക്കുന്നുള്ളു. മറ്റ് വാഹനങ്ങളെ അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നുള്ളൂ.

Previous ArticleNext Article