തൃശൂർ:സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) അന്തരിച്ചു. തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം.വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി സുഖംപ്രാപിച്ചുവന്നിരുന്ന സച്ചിക്കു ഹൃദ്രോഗബാധയുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ചൊവ്വ പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അദ്ദേഹത്തിന്‍റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ഇന്നലെ രാത്രി 10 35 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. അനസ്ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്.2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാൻ ആരംഭിച്ചു. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. ദിലീപിനെ നായകനായി പുറത്തിറങ്ങിയ രാമലീല, പൃഥിരാജും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥകള്‍ സച്ചിയുടേതായിരുന്നു. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് സച്ചി.
അതേസമയം സച്ചിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഹൈക്കോടതി പരിസരത്ത് രാവിലെ 9.30 മുതൽ 10 മണി വരെ പൊതുദർശനത്തിന് വെക്കും. ഇതിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലരയോടെ രവിപുരത്തെ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.കേരളാ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ ചേംബർ ഹാളിലാണ് പൊതുദർശനം. സച്ചി എട്ട് വർഷക്കാലം ഹൈക്കോടതി അഭിഭാഷകനായിരുന്നു. ഇവിടെ നിന്നും മൃതദേഹം തമ്മനത്തെ വീട്ടിലേക്കാണ് കൊണ്ടുപോകുക.