Kerala, News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്;അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

keralanews final voters list published for local self government institutions election

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും വോട്ടര്‍പട്ടികയാണ് അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ബുധനാഴ്ച അന്തിമമാക്കി പ്രസിദ്ധീകരിച്ചത്.
അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 2,62,24,501 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 1,25,40,302 പുരുഷന്‍മാര്‍, 1,36,84,019 സ്ത്രീകള്‍, 180 ട്രാന്‍സ്‌ജെണ്ടര്‍മാര്‍ എന്നിങ്ങനെയാണ് അന്തിമപട്ടികയിലെ വോട്ടര്‍മാര്‍. പുതിയതായി 6,78,147 പുരുഷന്‍മാര്‍, 8,01,328 സ്ത്രീകള്‍ 66 ട്രാന്‍സ്‌ജെണ്ടര്‍മാര്‍ എന്നിങ്ങനെ 14,79,541 വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. മരണപ്പെട്ടവര്‍, സ്ഥിരതാമസമില്ലാത്തവര്‍ തുടങ്ങിയ 4,34,317 വോട്ടര്‍മാരെ കരട് പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.വോട്ടര്‍പട്ടിക പുതുക്കുന്ന ആവശ്യത്തിലേയ്ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലുണ്ടായിരുന്ന പട്ടിക കരടായി ജനുവരി 20 ന് പ്രസിദ്ധീകരിച്ചിരുന്നു. കരട് പട്ടികയില്‍ ആകെ 2,51,58,230 വോട്ടര്‍മാരുണ്ടായിരുന്നു. മാര്‍ച്ച്‌ 16 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. 941 ഗ്രാമപഞ്ചായത്തുകള്‍ 152 ബ്ലോക്ക് പഞ്ചായത്തുകള്‍ 14 ജില്ലാ പഞ്ചായത്തുകള്‍ 86 മുനിസിപ്പാലിറ്റികള്‍ 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലാണ് ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ടത്.
ഇപ്പോള്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് തിരഞ്ഞെടുപ്പിനു മുൻപ് തന്നെ രണ്ട് അവസരങ്ങള്‍ കൂടി നല്‍കും.

Previous ArticleNext Article