India, News

ഇന്ത്യ-ചൈന സംഘർഷം;സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്;പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

keralanews india china clash India wants peace and will retaliate if provoked says p m narendra modi

ന്യൂഡൽഹി:ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ അത് ഏത് സാഹചര്യമായാലും ഉചിതമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തിരുന്നു.വീരമൃത്യു വരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി രണ്ട് നിമിഷം മൗനം ആചരിച്ചു.

ലഡാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ – ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മോദി വെള്ളിയാഴ്ച്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ജൂണ്‍ 19 ന് വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ വീഡിയോ കോണ്‍ഫെറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കും.തിങ്കളാഴ്ച്ച രാവിലെ ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി കരസേന ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായി സൈനിക വൃത്തത്തെ ഉദ്ധരിച്ചു എ‌എന്‍‌ഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമാന്‍ഡിങ് ഓഫീസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരമാണെന്നും ഐഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഗാല്‍വന്‍ താഴ്‌വരയില്‍ നിന്ന് ചൈനീസ് കൂടാരം ഇന്ത്യന്‍ സൈന്യം മാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ജൂണ്‍ ആറിന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം കൂടാരം നീക്കം ചെയ്യാന്‍ ചൈന സമ്മതിച്ചിരുന്നു. സംഘര്‍ഷത്തില്‍ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു. കല്ലും വടിയും മറ്റും ഉപയോഗിച്ചായിരുന്നു സൈനികര്‍ ഏറ്റുമുട്ടിയത്.

Previous ArticleNext Article