Kerala, News

അധിക വൈദ്യുതി ബില്‍;ഹൈക്കോടതി കെഎസ്‌ഇബിയോട് വിശദീകരണം തേടി

keralanews high electricity bill high court seek explanation from kseb

കൊച്ചി:കോവിഡ് കാലത്ത് അധിക വൈദ്യുതി ബില്‍ ഈടാക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വൈദ്യുതി ബോര്‍ഡിനോട് വിശദീകരണം തേടി. മൂവാറ്റുപുഴ സ്വദേശിയാണ് ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്ന് കെഎസ്‌ഇബി ആവർത്തിക്കുമ്പോഴും പരാതികള്‍ വര്‍ധിക്കുകയാണ്. ശരാശരി ബില്ലിംഗിലെ അശാസ്ത്രീയതയ്ക്കൊപ്പം ബില്‍ തയ്യാറാക്കാന്‍ വൈകിയതും തുക കൂടാന്‍ കാരണമായെന്നാണ് ആരോപണം.ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റര്‍ റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെഎസ്‌ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇക്കുറി ലോക്ക്ഡൗണ്‍കൂടി വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്‌ഇബി വാദം.ഇത് ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും അംഗീകരിക്കുന്നേയില്ല. ശരാശരി ബില്ലിംഗ് തെറ്റെന്ന് കണക്കുകള്‍ നിരത്തി ഇവര്‍ പറയുന്നു.ഫെബ്രുവരി മുതല്‍ നേരിട്ട് റീഡിംഗ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാലു മാസത്തെ റീഡിംഗ് ഒരുമിച്ചെടുത്ത് അതിന്‍റെ ശരാശരി കണ്ടാണ് ബില്‍ തയ്യാറാക്കിയത്. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ഉപഭോഗം താരതമ്യേന കുറവായിരുന്നു. ഏപ്രില്‍ മെയ് മാസങ്ങളിലാകട്ടെ കൂടുതലും.എന്നാല്‍ ശരാശരി ബില്‍ തയ്യാറാക്കിയപ്പോള്‍ ഏപ്രില്‍ മെയ് മാസങ്ങളിലെ ഉയര്‍ന്ന ഉപഭോഗത്തിന്‍റെ ഭാരം കൂടി ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തെ ബില്ലിലും പ്രതിഫലിച്ചു. മാത്രമല്ല, ദ്വൈമാസ ബില്ലിംഗില്‍ 60 ദിവസം കൂടുമ്പോൾ ബില്‍ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബില്‍ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്സിഡി ഉണ്ടെങ്കിലും ശരാശരി ബില്‍ വന്നതോടെ പലര്‍ക്കും സബ്സിഡി നഷ്ടമാവുകയും ചെയ്തു.എന്നാല്‍ 95 ശതമാനം ജനങ്ങള്‍ക്കും ശരാശരി ബില്‍ നേട്ടമെന്നാണ് കെഎസ്‌ഇബി വാദം.ഉപഭോഗം വര്‍ദ്ധിക്കുമ്ബോള്‍ സ്ലാബില്‍ വരുന്ന മാറ്റങ്ങള്‍ കാണാതെയാണ് വിമര്‍ശനം. ഉദാഹരണത്തിന് 250 യൂണിറ്റ് ഉപയോഗിക്കുന്ന വ്യക്തിയും 251 യൂണിറ്റ് ഉപയോഗിക്കുന്ന വ്യക്തിയും തമ്മില്‍ ബില്‍ തുകയില്‍ വരുന്ന വ്യത്യാസം 193 രൂപയാണ്. ആരുടെയെങ്കിലും ബില്‍തുക അകാരണമായി കൂടിയിട്ടുണ്ടെങ്കില്‍ അത് അടുത്ത ബില്ലില്‍ തട്ടിക്കിഴിക്കുമെന്നും കെഎസ്‌ഇബി ആവര്‍ത്തിക്കുന്നു.

Previous ArticleNext Article