Kerala, News

കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു

keralanews thillankeri muzhakkunnu panchayath in kannur district completely closed

കണ്ണൂര്‍:സമ്പർക്കത്തിലൂടെ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും.  ജില്ലാ കളക്ടറുടെതാണ് തീരുമാനം.ജില്ലയിൽ സമ്പർക്കം വഴി രോഗബാധയുണ്ടായ മറ്റ് പ്രദേശങ്ങളിലും കൂടുതല്‍ നിയന്ത്രണമുണ്ടാകും.ശനിയാഴ്ച മാത്രം നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ചതോടെയാണ് തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കാന്‍ തീരുമാനിച്ചത്. കൊവിഡ് ബാധിച്ച എയര്‍ ഇന്ത്യാ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലും നിരവധി പേരുണ്ട്. മുഴക്കുന്നിലെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം. ആന്തൂര്‍,പേരാവൂര്‍,ധര്‍മടം,പാട്യം എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വര്‍ഡുകള്‍ പൂര്‍ണമായും അടയ്ക്കും.കണ്ണൂര്‍ ജില്ലയില്‍ 34 തദ്ദേശ സ്ഥാപനങ്ങളിലാണ് കണ്ടെയിന്‍മെന്റ് സോണുകളുള്ളത്. ഇതില്‍ 28 ഇടങ്ങളില്‍വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം.ഇത്തരം മേഖലകളിൽ കോവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ മാത്രമാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്നലെ ജില്ലയില്‍ നാലു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.രണ്ട് മാട്ടൂല്‍ സ്വദേശികള്‍ക്കും രാമന്തളി, പാനൂര്‍ സ്വദേശികള്‍ക്കുമാണ് രോഗം.299 പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 177 ആയി.

Previous ArticleNext Article