Kerala, News

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫ് നിലനിര്‍ത്തി

keralanews udf retains kannur corporation deputy mayor post

കണ്ണൂർ:കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫ് നിലനിര്‍ത്തി. പി.കെ.രാഗേഷിനെ വീണ്ടും ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കുകയും ചെയ്തു . രാഗേഷിന് 28 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ വെള്ളോറ രാജന് 27 വോട്ടുകളാണ് നേടിയെടുക്കാനായത് . ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ ഭരണവും.നേരത്തെ ലീഗ് നേതൃത്വവുമായി ഇടഞ്ഞ കെ.പി.എ.സലിം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് രാഗേഷിന് തുണയായത്. യു.ഡി.എഫ്. കൗണ്‍സിലറും ലീഗ് പ്രതിനിധിയുമായ കെ.പി.എ.സലിം ലീഗ് ജില്ലാ നേതൃത്വവുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് എല്‍.ഡി.എഫ്. പക്ഷത്തേക്ക് മാറിയപ്പോഴാണ് നേരത്തെ പി.കെ.രാഗേഷ് അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ടത്. ഇതേത്തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലീഗ് നേതൃത്വം കെ.പി.എ.സലീമിനെ അനുനയിപ്പിച്ച്‌ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഡെപ്യൂട്ടി മേയറായിരുന്ന പി.കെ.രാഗേഷ് രാജിവെച്ച്‌ 86 ദിവസത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തിരഞ്ഞെടുപ്പ് വൈകുകയായിരുന്നു.രാഗേഷ് വിജയിച്ചതോടെ മേയര്‍ സുമാ ബാലകൃഷ്ണന്‍ രാജിവെച്ച്‌ ലീഗിന്റെ പ്രതിനിധി സി.സീനത്തിനുവേണ്ടി ഒഴിഞ്ഞുകൊടുക്കുകയും ചെയ്യും. മുന്നണിധാരണയെത്തുടര്‍ന്നാണിത്. അതു കൊണ്ടുതന്നെ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമായിരുന്നു. കളക്ടര്‍ ടി.വി.സുഭാഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ഹാളില്‍ രാവിലെ 11 മണിക്ക് കോവിഡ് നിയന്ത്രണചട്ടങ്ങള്‍ പാലിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

Previous ArticleNext Article