കണ്ണൂർ:ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുതിര്‍ന്ന സി.പി.ഐ (എം) നേതാവും പാനൂര്‍ ഏരിയ കമ്മിറ്റിയംഗവുമായ പി.കെ. കുഞ്ഞനന്തന്(73) അന്തരിച്ചു.തിരുവനന്തപുരം മെഡി.കോളജില്‍ ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു അന്ത്യം.കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ 8 മണി മുതല്‍ 9 മണി വരെ സി.പി.ഐ (എം) ഏരിയ കമ്മിറ്റി ഓഫീസായ രാജു മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. 9.30 മുതല്‍ 11 മണി വരെ പാറാട് ടൗണിലും തുടര്‍ന്ന് 12 മണിക്ക് വീട്ടു വളപ്പില്‍ സംസ്കരിക്കും.ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കുഞ്ഞനന്തന് ചികിത്സാര്‍ത്ഥം ജാമ്യത്തിലായിരുന്നു. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി കുഞ്ഞനന്തന് ജാമ്യം അനുവദിച്ചിരുന്നത്. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം.ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി.കെ കുഞ്ഞനന്തന്. ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് പി.കെ കുഞ്ഞനന്തനെ വിചാരണക്കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.അതേസമയം പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയുംചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. കുഞ്ഞനന്തന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.