കോട്ടയം: മീനച്ചിലാറ്റില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി എംജി സര്‍വകലാശാല നിയോഗിച്ച അന്വേഷണ സംഘം. പരീക്ഷാഹാളില്‍ അഞ്ജു പി ഷാജിക്ക് മാനസിക പീഡനം നേരിടേണ്ടിവന്നതായി അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കോപ്പി പിടിച്ചെന്ന് പറയുന്ന അധികാരികള്‍ അതിനുശേഷം കുട്ടിയെ ഏറെ നേരം ഹാളിലിരുത്തുകയുംമറ്റും ചെയ്തത് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരിക്കാം. എന്നാല്‍, അന്വേഷണം തുടരുന്നെന്നും ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അന്വേഷണസംഘം പറഞ്ഞു.കുറ്റം കണ്ടെത്തിയാല്‍ പരീക്ഷാ ഹാളില്‍ ഇരുത്തരുത് എന്നാണ് സര്‍വകലാശാല നിയമം. അതിനാല്‍ അഞ്ജുവിനെ ഒരുമണിക്കൂര്‍ ക്ലാസില്‍ ഇരുത്തിയത് ഗുരുതരമായ കുറ്റമാണെന്നും അന്വേഷണ സമിതി പറയുന്നു. പ്രാഥമിക വിലയിരുത്തലിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗങ്ങള്‍ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജില്‍ ബുധനാഴ്ചയാണ് പരിശോധന നടത്തിയത്. ഡോ. എംഎസ് മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കോളേജിലെത്തിയത്. സര്‍വകലാശാലാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍, ഇന്‍വിജിലേറ്റര്‍ തുടങ്ങിയവരില്‍നിന്ന് മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. വിദ്യാര്‍ത്ഥിനിയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇവരോട് സര്‍വകലാശാലയിലെത്തി മൊഴി തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണസമിതി യോഗംചേര്‍ന്ന് വെള്ളിയാഴ്ച വൈസ് ചാന്‍സലര്‍ക്ക് ആദ്യറിപ്പോര്‍ട്ട് സമര്‍പ്പിക്കും.കോട്ടയം എസ്പി ജയദേവ്, പാലാ ഡിവൈഎസ്പി കെ ബൈജുകുമാര്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ തുടങ്ങിയവരും കോളേജിലെത്തിയിരുന്നു. പോലീസ് അന്വേഷണസംഘം, ഹാളിലെ രണ്ട് ഇന്‍വിജിലേറ്റര്‍മാരുടെയും കോളേജ് പ്രിന്‍സിപ്പാളിന്റെയും മൊഴിയെടുത്തു. ഹാളിലെ നിരീക്ഷണ ക്യാമറയിലുള്ള സംഭവങ്ങളാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴിയിലും. പെണ്‍കുട്ടിയുടെ സമീപത്തിരുന്ന് പരീക്ഷയെഴുതിയ ആറ് വിദ്യാര്‍ത്ഥികളുടെയും അഞ്ജു പഠിച്ച സെന്റ് ആന്റണീസ് കോളേജിലെ രണ്ട് അധ്യാപകരുടെയും മൊഴിയെടുത്തിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നെന്നാണ് അധ്യാപകര്‍ പോലീസിനെ അറിയിച്ചത്.അതേസമയം അഞ്ജുവിന്റെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. പരീക്ഷാ ദിവസം ഹാള്‍ടിക്കറ്റിന്റെ പുറക് വശം എഴുതിയിരുന്ന പാഠഭാഗങ്ങള്‍ അഞ്ജുവിന്റേതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകള്‍ കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ നിന്നും പൊലീസ് ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെ പൊലീസ് ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. ഫലം വരുന്നതോടെ കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരും.