Kerala, News

സ്രവപരിശോധനയ്ക്ക് ശേഷം രോ​ഗമില്ലെന്ന് പറഞ്ഞ് നിരീക്ഷണകേന്ദ്രത്തിൽ നിന്നും വിട്ടയച്ച യുവാവിന് വീട്ടില്‍ എത്തിയ പിറ്റേന്ന് കൊവിഡ്;കുടുംബം മൊത്തം നിരീക്ഷണത്തില്‍

keralanews youth discharged from observation center after covid test confirmed covid after reaching house and all family in observation

ആലപ്പുഴ:സ്രവപരിശോധനയ്ക്ക് ശേഷം രോഗമില്ലെന്ന് പറഞ്ഞ് നിരീക്ഷണകേന്ദ്രത്തിൽ നിന്നും വിട്ടയച്ച യുവാവിന് വീട്ടില്‍ എത്തിയ പിറ്റേന്ന് കൊവിഡ്. ഇതോടെ കുടുംബം ഒന്നടങ്കം നിരീക്ഷണത്തില്‍ പോകേണ്ടി വന്നു.ആലപ്പുഴയിലാണ് സംഭവം. ചെങ്ങന്നൂര്‍ നഗരസഭയില്‍ താമസിക്കുന്ന ഇരുപത്തിയാറുകാരനാണ് 16 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ് വീട്ടിലെത്തിയ പിറ്റേന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ അമ്മയും അച്ഛനും അമ്മൂമ്മയും സഹോദരനും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.ദുബായില്‍ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് മറ്റൊരു ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച്‌ ഒൻപതിന് മുംബൈയില്‍ എത്തി.ലോക്ഡൗണിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു.പിന്നീട് മെയ് 23ന് ബസ് മാര്‍ഗം നാട്ടിലെത്തി നഗരസഭാ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായി. ശനിയാഴ്ച പരിശോധനയ്ക്കായി ഇയാളുടെ സ്രവം എടുത്തിരുന്നു.കൊവിഡ് പോസിറ്റീവ് ആണെങ്കില്‍ 48 മണിക്കൂറില്‍ അറിയിക്കുമെന്നും അല്ലെങ്കില്‍ വീട്ടിലേക്ക് മടങ്ങാമെന്നും ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഇയാളോട് പറഞ്ഞിരുന്നു. ഇതുപ്രകാരം തിങ്കള്‍ വരെ ഇയാള്‍ ക്വാറന്റീനില്‍ കഴിഞ്ഞു.തിങ്കളാഴ്ച വൈകുന്നേരം അധികൃതര്‍ വീട്ടിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കി. സ്വന്തം കാറിലാണ് വീട്ടിലേക്ക് മടങ്ങിയത്.ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യവകുപ്പ് അധികൃതര്‍ വിളിച്ച്‌ കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചു. പിന്നാലെ ആംബുലന്‍സ് എത്തി ഇയാളെ വണ്ടാനം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.പരിശോധനാഫലം ലഭിക്കുന്നതിന് മുന്‍പ് വീട്ടിലേക്ക് മടങ്ങാന്‍ ആരോഗ്യവകുപ്പ് അധികൃതരാണ് ആവശ്യപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. ഫലം വന്നിട്ടു പോയാല്‍ പോരേ എന്ന് ചോദിച്ചെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നു. കാര്‍ സ്വയം ഓടിച്ചാണ് വീട്ടിലേക്ക് വന്നത്. വീട്ടില്‍ വന്നതിനുശേഷം ആരും പുറത്ത് പോയിട്ടില്ലെന്നും യുവാവ് പറഞ്ഞു. കൊവിഡ് പോസിറ്റീവാണെങ്കില്‍ ഒരു ദിവസത്തിനുളളില്‍ ഫലം ലഭിക്കുമെന്നും എന്നാല്‍ രണ്ട് ദിവസമായിട്ടും ഫലം വരാത്തതിനെ തുടര്‍ന്നാണ് യുവാവിനെ കൊവിഡ് നെഗറ്റീവ് കണക്കാക്കി വീട്ടിലേക്ക് അയച്ചതെന്നും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രോസ് ഇത്താക്ക് പറഞ്ഞു.

Previous ArticleNext Article