മയ്യില്‍: മയ്യില്‍ ടൗണില്‍ അസമയത്ത് കാണപ്പെട്ട നാലുപേര്‍ മോഷണ സംഘത്തിലെ കണ്ണികളാണെന്ന് സംശയം വ്യാപകമാകുന്നു. വിവിധയിടങ്ങളില്‍ ഇത്തരം സംഘങ്ങളെ പലരും കണ്ടതോടെയാണ് ഇവര്‍ മോഷണത്തിനെത്തിയവരാണെന്ന സംശയം വ്യാപകമായത്. അസമയത്ത് കടകളിലും മറ്റും ഇവരെ കണ്ടതാണ് സംശയത്തിന് ആക്കംകൂട്ടുന്നത്. ഇതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശത്തെ വ്യാപാരികളും മറ്റും.
ഇന്ന് പുലര്‍ച്ചെയും കഴിഞ്ഞ ദിവസങ്ങളിലും ഇതേ സംഘത്തെ തന്നെ കണ്ടെന്നാണ് പലരും പറയുന്നത്. ഇന്ന് പുലര്‍ച്ചെ എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്നു കുടുംബമാണ് നാലുപേരെ സംശയാസ്പദമായ രീതിയില്‍ മയ്യില്‍ ടൗണിലെ ഒരു കടയക്ക് സമീപം കണ്ടത്. സംശയം തോന്നി കാര്‍ നിര്‍ത്തിയപ്പോള്‍ ഇവര്‍ വേളം റോഡിലേക്ക് ഓടിപ്പോയി. ഈ സമയത്ത് സ്‌കൂളിന് സമീപം നമ്പര്‍ ഇല്ലാതെ ഒരു ജീപ്പ് കണ്ടതായും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയവരും ഈ ജീപ്പ് കണ്ടിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. ഇതുകാരണം ആശങ്കയിലായിരിക്കുകയാണ് മയ്യില്‍ ബസ് സ്‌ററാന്‍ഡ്, പാവന്നൂര്‍-മെട്ട, കണ്ടക്കൈ റോഡ് ഭാഗങ്ങളിലെ കച്ചവടക്കാര്‍. പലരും മോഷണം ഭയന്ന് സെന്റര്‍ ലോക്ക് ഘടിപ്പിച്ചിട്ടുണ്ട്. ചിലര്‍ കടകള്‍ക്കു മുമ്പില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പരാതി വ്യാപകമായ മയ്യില്‍ പോലീസ് രാത്രികാല നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.