Kerala, News

കേന്ദ്രനിര്‍ദ്ദേശം അനുസരിച്ച്‌ സംസ്ഥാനത്തെ ആരാധനാലയങ്ങൾ ചൊവ്വാഴ്ച തുറക്കുന്നു;കടുത്ത നിയന്ത്രണങ്ങള്‍

keralanews religious shrines in the state opens from june 8th following central govt guidelines

തിരുവനന്തപുരം:കേന്ദ്രനിര്‍ദ്ദേശം അനുസരിച്ച്‌ സംസ്ഥാനത്തെ ആരാധനാലയങ്ങൾ ജൂണ്‍ എട്ടുമുതല്‍ തുറക്കും.ആഹാരസാധനങ്ങളും നൈവേദ്യവും അര്‍ച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ചും സാമൂഹികഅകല നിബന്ധന പാലിച്ചും ഒരുസമയം എത്രപേര്‍ എത്തണമെന്ന കാര്യത്തില്‍ ക്രമീകരണം ഉണ്ടാകും. ആറടി അകലം ആരാധനാലയങ്ങളിലും ബാധകമാണ്. വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ല. പ്രസാദവിതരണവും തീര്‍ത്ഥജലം തളിക്കലും പാടില്ല.10 വയസില്‍ താഴെ പ്രായമായ കുട്ടികളും 65 വയസ് മുകളില്‍ പ്രായമുള്ളവരും ആരാധനാലയങ്ങളില്‍ എത്താന്‍ പാടില്ല. ഇവര്‍ വീടുകളില്‍ തന്നെ തുടരണം. 65 വയസ് മുകളില്‍ പ്രായമുള്ള പുരോഹിതര്‍ക്കും ഈ നിബന്ധന ബാധകമാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. പൊതുടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. എയര്‍ കണ്ടീഷനുകള്‍ ഒഴിവാക്കണം. ഉപയോഗിക്കുകയാണെങ്കില്‍ 24 മുതല്‍ 30 വരെ ഡിഗ്രി സെല്‍ഷ്യസില്‍ താപനില ക്രമീകരിക്കണം. പായ, വിരിപ്പ് എന്നിവര്‍ ആരാധനയ്ക്ക് എത്തുന്നവര്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Previous ArticleNext Article